നാട്ടിലെ ചെറുപ്പക്കാരുടെ അധ്വാനം സിനിമ ആയത് കാണാന്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂട്ടം. പത്തനംതിട്ട സീതത്തോട്ടില്‍ നിന്നുള്ള എണ്‍പതോളം തൊഴിലാളികളാണ് പഞ്ചായത്തംഗത്തിന്‍റെ നേതൃത്വത്തില്‍ സിനിമകാണാനെത്തിയത്. മരിച്ച സുഹൃത്തിന്‍റെ ആഗ്രഹം പൂര്‍ത്തികരിക്കാനാണ് പൂര്‍ത്തിയായിരുന്ന വെബ് സീരീസ് വലംപിരി ശംഖ് എന്ന സിനിമയാക്കിയത്. ഒലക്ക എന്ന ബാനറില്‍ വെബ് സീരിസുകള്‍ ചെയ്തിരുന്ന സുഹൃത്തുക്കളാണ്. പുതിയ വെബ് സീരിസ് പൂര്‍ത്തിയായിരിക്കെയാണ് സംഘത്തിലൊരാളായ ആഷിഖ് മരിക്കുന്നത്.ആഷിഖിന്‍റെ വലിയ മോഹമായിരുന്നു സിനിമ. ആ മോഹം പൂര്‍ത്തിയാക്കാനാണ് ഏറെ കഷ്ടപ്പെട്ട് പൂര്‍ത്തിയായ വെബ് സീരിസിനെ വലംപിരിശംഖ് എന്ന സിനിമയാക്കിയത്. കഴിഞ്ഞ മാസം 25ന് ആയിരുന്നു റിലീസ്.
സിനിമയുടെ അണിയറയില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ മക്കളുമുണ്ട്.ആ ആവേശത്തിലാണ് തൊഴിലാളികള്‍ പത്തനംതിട്ട ട്രിനിറ്റി തിയറ്ററിലെത്തിയത്. പഞ്ചായത്തംഗം ജോബി ടി ഈശോ ആണ് എല്ലാവരേയും ഒരുമിച്ച് കൊണ്ടുവന്നത്. സിനിമ തീര്‍ന്നിറങ്ങിയപ്പോഴേക്കും സംവിധായകനും ചില താരങ്ങളും എത്തി. നാട്ടുകാരുടെ പിന്തുണ ആവേശമായെന്ന് സംവിധായകന്‍ ഷംനാദ്. കാണികളുടെ പിന്തുണ ഊര്‍ജമായെന്നും വീണ്ടും സജീവമായി രംഗത്തുകാണുമെന്നും വലംപിരിശംഖിലെ മറ്റ് അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും പറഞ്ഞു