ആറന്മുള ക്ഷേത്ര ഊട്ടുപുരയിൽ ദേവസ്വം ബോർഡ് നടത്തിയ സദ്യക്കെതിരെ വഞ്ചിപ്പാട്ട് പാടി പ്രതിഷേധിച്ച് പള്ളിയോട സേവാസംഘം. ആചാരം ലംഘിച്ച് സദ്യ കച്ചവടം ആക്കരുത് എന്ന് പള്ളിയോട സേവാസംഘം ആവശ്യപ്പെട്ടു. അതേസമയം പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിച്ചിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി പറഞ്ഞു.
ഇന്ന് ആറന്മുള ക്ഷേത്രത്തിലെത്തിയവർ ആശയക്കുഴപ്പത്തിലായി. ഒരിടത്ത് വള്ളസദ്യ സ്വീകരണത്തിന്റെ വഞ്ചിപ്പാട്ട് അപ്പുറത്ത് പ്രതിഷേധത്തിന്റെ വഞ്ചിപ്പാട്ട് ക്ഷേത്ര ഊട്ടുപുരയിൽ 250 രൂപയ്ക്ക് വള്ളസദ്യയെന്ന് ദേവസ്വം ബോർഡ് പ്രചരിപ്പിച്ചു എന്നാണ് പള്ളിയോട സേവാ സംഘത്തിൻറെ ആരോപണം. പള്ളിയോടത്തിനു വേണ്ടി അല്ലാതെ സദ്യ നടത്തരുതെന്ന ആവശ്യം ദേവസ്വം ബോർഡ് പരിഗണിച്ചില്ല. ഇന്ന് ബുക്ക് ചെയ്ത 250 പേർക്കായി ഊട്ടുപുരയിൽ സദ്യ നടത്തി. ഓഗസ്റ്റ് മൂന്നിലേക്കും ബുക്കിങ് എടുത്തിട്ടുണ്ട്. വഞ്ചിപ്പാട്ട് പാടി പള്ളിയുടെ സേവാ സംഘം ക്ഷേത്രത്തിന് വലം വെച്ച് പ്രതിഷേധിച്ചു
ഇത്രയും കാലം 52 പള്ളിയോട കരകളുടെ കൂട്ടായ്മയായ പള്ളിയോട സേവാ സംഘം ആയിരുന്നു ആറന്മുള ക്ഷേത്രത്തിലെ വഴിപാട് വള്ളസദ്യ നടത്തിയിരുന്നത്. ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചെന്നും പഴയ സ്ഥിതി തുടരുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു. സദ്യയെ വാണിജ്യവൽക്കരിക്കുകയല്ല ജനകീയവൽക്കരിക്കുകയാണെന്നാണ് ദേവസ്വം ബോർഡ് വാദം. നല്ല മാറ്റം എന്താണ് സദ്യ ബുക്ക് ചെയ്ത് എത്തിയവർ പറഞ്ഞത്. ഇന്ന് ക്ഷേത്രത്തിൽ നാല് വള്ളസദ്യ ഉണ്ടായിരുന്നു. ഒപ്പം കെഎസ്ആർടിസിയുടെ നാലമ്പല ദർശനത്തിലൂടെ സദ്യക്ക് എത്തിയവർ വേറെ. വള്ളസദ്യ പൂർണമായി പിടിച്ചെടുക്കാനാണ് ബോർഡിന്‍റെ നീക്കം എന്ന് മിനിറ്റ്സിലൂടെ തെളിഞ്ഞെന്നാണ് ആരോപണം. പരീക്ഷണ അടിസ്ഥാനത്തിലാണ് പണം വാങ്ങിയുള്ള സദ്യ ബുക്കിങ് . വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ ഉണ്ടാവും