പത്തനംതിട്ട റാന്നിയില്‍ മരംവീണ് വീട് തകര്‍ന്നു. അടുത്ത പറമ്പിലെ റബര്‍മരമാണ് സിമന്‍റ് കട്ട കെട്ടിയ വീടിന് മുകളിലേക്ക് വീണത്. രോഗിയായ ഭര്‍ത്താവിനേയും മക്കളേയും കൊണ്ട് പോകാന്‍ മറ്റൊരു വീടില്ലാത്തതിനാല്‍ പുറത്ത് ടാര്‍പ്പാളില്‍ കെട്ടി കഴിയുകയാണ് വീട്ടമ്മയായ ജില്‍ജു.
റാന്നി സ്വദേശിനി ജില്‍ജുവും കുടുംബവും കഴിഞ്ഞിരുന്ന വീടാണ് തകര്‍ന്നത്. സിമന്‍റ് കട്ട കെട്ടിയ വീട്ടില്‍ പതിനഞ്ച് വര്‍ഷമായി കുടുംബം താമസിക്കുകയാണ്. ജില്‍ജുവിന്‍റെ ഭര്‍ത്താവ് രോഗിയാണ്. രണ്ട് പിഞ്ചു കുഞ്ഞുങ്ങളുമുണ്ട്. കഴിഞ്ഞ ദിവസമാണ് അയല്‍വീട്ടിലെ റബര്‍മരം വീടിന് മുകളിലേക്ക് വീണത്. മരുന്നിന് പോലും പണമില്ലാത്ത സ്ഥിതിയിലാണ് എന്ന് കുടുംബം പറയുന്നു. അടുക്കളയടക്കം തകര്‍ന്നതിനാല്‍ പുറത്ത് ടാര്‍പ്പാളിന്‍ കെട്ടിയാണ് പാചകം. ഒരു വീട് വാടകയ്ക്ക് എടുക്കാന്‍ കഴിയാത്ത സാഹചര്യമാണ്. രോഗിയായ ഭര്‍ത്താവിനേയും കുഞ്ഞുങ്ങളേയും കൂട്ടി പോകാന്‍ ഒരു ഇടമില്ലെന്ന് ജില്‍ജു പറയുന്നു.
റവന്യൂവകുപ്പ് ഉദ്യോഗസ്ഥരെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി. റാന്നി പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍.പ്രകാശ്കുമാറും വീട് സന്ദര്‍ശിച്ച് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.