ആരോഗ്യം തകര്‍ന്നതോടെ ബന്ധുക്കള്‍ കയ്യൊഴിഞ്ഞെന്നും വൃദ്ധസദനത്തില്‍ ആക്കണമെന്നും ആവശ്യപ്പെട്ട് അവിവാഹിതയായ സ്ത്രീ. ഒന്‍പത് സഹോദരങ്ങളുണ്ടെങ്കിലും ആരും വൃദ്ധസദനത്തിലാക്കാന്‍ തയാറായില്ല. ഒടുവില്‍ കൗണ്‍സിലറുടെ കത്തോടെ വയോജന കേന്ദ്രത്തിലാക്കി.
പന്തളം പൂഴിക്കാട് സ്വദേശിനി 61വയസുള്ള കനകമ്മ.രാവിലെ മുതല്‍ വൈകിട്ട് വരെ പത്തനംതിട്ട മുണ്ടുകോട്ടയ്ക്കലെ കാത്തിരിപ്പുകേന്ദ്രത്തിലാണ്.നാട്ടുകാര്‍ ഇടപെട്ട് പൊലീസിനെ വിളിച്ചു.കനകമ്മ പറയുന്നത് ഇങ്ങനെ.രണ്ടാംക്ലാസില്‍ പഠനം നിര്‍ത്തി.വീട്ടുജോലിക്കുപോയാണ് അനിയത്തിമാരുടെ കാര്യങ്ങള്‍ നോക്കിയതും കല്യാണം നടത്തിയതും.
2011ല്‍ ആകെയുണ്ടായിരുന്ന ആറ് സെന്‍റ് വിറ്റു. വീടുകളില്‍ താമസിച്ചാണ് ജോലി ചെയ്തിരുന്നത്.ചെറുപ്പത്തിലേ ആമവാതം ഉണ്ടായിരുന്നു.ഒന്നരവര്‍ഷം മുന്‍പ് ജോലി ചെയ്യാന്‍ പറ്റാതായി.സഹോദരിയുടെ മകനടക്കം സഹായം നല്‍കി.പലരോടൊപ്പം താമസിച്ചു.ഇപ്പോള്‍ ആരും കൂടെ നിര്‍ത്താന്‍ തയാറല്ല. ആരും നോക്കേണ്ട വൃദ്ധസദനത്തിലാക്കിയാല്‍ മതിയെന്നായിരുന്നു കനകമ്മ പറഞ്ഞത്. ബന്ധുക്കള്‍ ഉള്ളതിനാല്‍ അത് എളുപ്പമല്ല എന്ന് പൊലീസും പറഞ്ഞു. വിളിച്ചെങ്കിലും സഹോദരങ്ങള്‍ ആരും വരില്ലെന്ന് പറഞ്ഞതോടെ വയോജന കേന്ദ്രത്തിലേക്ക് കൗണ്‍സിലര്‍ കത്ത് നല്‍കി.