പക്ഷാഘാതം ബാധിച്ച കർഷകന്റെ 400 ൽ അധികം വാഴകൾ കാറ്റിൽ ഒടിഞ്ഞുവീണു. പത്തനംതിട്ട കോന്നി സ്വദേശി തമ്പാച്ചന്റെ വാഴകളാണ് നശിച്ചത്. കഴിഞ്ഞവർഷത്തെ വേനലിൽ 500 ൽ അധികം വാഴകള്‍ ഉണങ്ങി ഒടിഞ്ഞു പോയിരുന്നു.
തമ്പാച്ചന്റെ ശരീരത്തിന്റെ ഒരു ഭാഗത്തിനേ ചലനമുള്ളു. ഒറ്റക്കൈ കൊണ്ട് അധ്വാനിച്ച് വളർത്തിയെടുത്ത വാഴകളാണ് ഈ ഒടിഞ്ഞു കിടക്കുന്നത്. പാട്ടത്തിനെടുത്ത അഞ്ചേക്കറോളം സ്ഥലത്താണ് വാഴനട്ടത്. അതും വലിയ തോതിൽ പണം കടം വാങ്ങി. രാത്രി പോലും കാവൽ ഇരുന്നാണ് കാട്ടുപന്നിക്ക് കൊടുക്കാതെ വാഴകൾ വളർത്തിയെടുത്തത്. വാഴ കുലച്ചു തുടങ്ങിയപ്പോൾ തമ്പാച്ചന്റെ മനസ്സ് ഒന്ന് തണുത്തതാണ്. കഴിഞ്ഞ രണ്ട് രാത്രികളിലായി വീശിയടിച്ച കാറ്റിലാണ് വാഴകൾ നിലംപൊത്തിയത്
പക്ഷാഘാതം ബാധിച്ച് സ്വകാര്യ ആശുപത്രിയുടെ അനാസ്ഥയിലാണ് ഒരു ഭാഗം തളർന്നു പോയത്. ചികിത്സയ്ക്ക് വലിയ കടം വന്നു. വീണ്ടും കടമെടുത്ത് ഇറക്കിയ കൃഷിയാണ് കഴിഞ്ഞവർഷത്തെ വേനലിൽ കരിഞ്ഞുപോയത്. ആ കടം വീട്ടാൻ വേണ്ടി വീണ്ടും കടം വാങ്ങി ഇറക്കിയ കൃഷിയാണ് കാറ്റ് കൊണ്ടുപോകുന്നത്.