അയിരൂർ ചെറുകോൽപുഴ ഹിന്ദുമത പരിഷത്ത് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ ഉദ്ഘാടനം ചെയ്തു. ഒൻപത് വരെയാണ് കൺവൻഷൻ. വിശിഷ്ട വ്യക്തികളെ പൂർണകുംഭം നൽകിയാണ് വേദിയിലേക്ക് സ്വീകരിച്ചത്. ബുധനാഴ്ച ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് പരിഷത്തില്‍ പങ്കെടുക്കും.
ധർമമെന്നത് മതപരമല്ലെന്നും എന്തൊക്കെ ചെയ്യാം, ചെയ്യരുത് എന്നുള്ള നിർദേശങ്ങളോ ആശയങ്ങളോ ആണെന്നും പരിഷത്ത് ഉദ്ഘാടനം ചെയ്തുകൊണ്ട് ഗവര്‍ണര്‍ പറഞ്ഞു. അതിനാലാണ് ഹിന്ദൂയിസം ഒരു ജീവിതചര്യയെന്നു പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മുഖ്യപ്രഭാഷകനായിരുന്നു.
പുതിയ പാർലമെന്‍റ് മന്ദിരത്തിൽ ചെങ്കോൽ പ്രതിഷ്ഠ നടത്തിയ പെരുങ്കുളം മഠത്തിലെ ശ്രീ-ല-ശ്രീ ശിവപ്രകാശ ദേശിക സത്യജ്ഞാന പണ്ടാര സന്നിധി സ്വാമികൾ, സ്വാമി പ്രജ്ഞാനന്ദ തീർഥപാദർ, ചിദാനന്ദഭാരതി സ്വാമികൾ തുടങ്ങിയവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. അഞ്ചാംതീയതി നടക്കുന്ന ഹിന്ദു ഏകതാ സമ്മേളനത്തിലാണ് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പങ്കെടുക്കുന്നത്. വരും ദിവസങ്ങളില്‍ പരിഷത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കും.