ചിത്രകലാ ഗുരുവും രവിവര്‍മ പുരസ്കാര ജേതാവുമായ ആര്‍ട്ടിസ്റ്റ് വി.എസ്.വല്യത്താന്‍ വരച്ച ചിത്രങ്ങളടങ്ങിയ ആര്‍ട്ട് ഗാലറി തുറന്നു. പന്തളത്തെ ആര്‍ട്ട് ഗാലറി മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. അറുപതിലധികം എണ്ണച്ചായ ചിത്രങ്ങളാണ് ശേഖരത്തില്‍ ഉള്ളത്.
രവിവര്‍മയുടെ ചിത്രരചനാ ശൈലി പിന്തുടര്‍ന്ന പ്രമുഖനായ ചിത്രകാരനും ശില്‍പിയുമാണ് ആര്‍ട്ടിസ്റ്റ് വി.എസ്.വല്യത്താന്‍. അദ്ദേഹം വരച്ച അറുപതിലധികം ചിത്രങ്ങളാണ് ഗാലറിയിലുള്ളത്. മോഡലുകളില്ലാതെയായിരുന്നു രചന. മഹാഭാരത യുദ്ധം, കൃഷ്ണനും ദ്രൗപദിയും, തിരുവത്താഴം തുടങ്ങി തനത് ശൈലിയിലുള്ള ചിത്രങ്ങള്‍. ഏറെക്കാലത്തെ ശ്രമഫലമായാണ് ഗാലറി പൂര്‍ത്തിയായത്. അദ്ദേഹത്തിന്‍റെ ഇരുളും വെളിച്ചവും സമന്വയിപ്പിക്കുന്നതിലെ വൈദഗ്ധ്യം ആസ്വാദകര്‍ എടുത്തു പറയാറുണ്ട്.
2006ല്‍ എണ്‍പത്തിയാറാമത്തെ വയസില്‍ സര്‍ക്കാര്‍ രവിവര്‍മ പുരസ്കാരം പ്രഖ്യാപിച്ചെങ്കിലും ഏറ്റുവാങ്ങുംമുമ്പാണ് അദ്ദേഹം വിടവാങ്ങിയത്. പന്തളം വലിയകോയിക്കല്‍ അയ്യപ്പ ക്ഷേത്രത്തിന് സമീപം രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെ എല്ലാ ദിവസവും ആര്‍ട്ട് ഗാലറി തുറന്നു പ്രവര്‍ത്തിക്കും.