കൊല്ലം മയ്യനാട് പുതുതായി ആരംഭിക്കുന്ന പ്ലാസ്റ്റിക് നിർമ്മാണ കമ്പനിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ. പുല്ലിച്ചിറയിൽ ആരംഭിക്കുന്ന പൈപ്പ് കമ്പനി മലിനീകരണത്തിന് കാരണമാകുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. എന്നാൽ നിയമാനുസൃതമായാണ് കമ്പനിയുടെ പ്രവർത്തനമെന്നാണ് ഉടമയുടെ വാദം.
പുല്ലിച്ചിറ കക്കാക്കടവിൽ ആരംഭിക്കുന്ന പിവിസി പൈപ്പ് നിർമ്മാണ കമ്പനിക്കെതിരെയാണ് പ്രതിഷേധം. പരവൂർ കായലിനോട് ചേർന്ന് കിടക്കുന്ന പ്രദേശത്ത് തണ്ണീർത്തടം നികത്തിയാണ് പ്രവർത്തനമാരംഭിക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പ്ലാസ്റ്റിക് നിർമ്മാണം നടക്കുമ്പോൾ പ്രദേശത്തെ ജലസ്രോതസ്സുകൾ മലിനപ്പെടുമെന്നാണ് ആശങ്ക.
പിവിസി പൈപ്പ് നിർമ്മാണ കമ്പനിക്കായി പഞ്ചായത്ത് ഭരണസമിതി ലൈസൻസ് അനുവദിച്ചതിൽ അപാകതയുണ്ടെന്ന് വാർഡ് മെമ്പർ.നിയമം അനുശാസിക്കുന്ന മുഴുവൻ രേഖകളും കൈവശമുണ്ടെന്നും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥാപന ഉടമ.
നൂറുകണക്കിന് വീടുകളുള്ള പ്രദേശത്ത് നാട്ടുകാരുടെ ആശങ്ക പരിഹരിക്കാൻ അധികൃതർ തയ്യാറാവണമെന്നാണ് ഉയരുന്ന ആവശ്യം.