ജന്മനാ വൈകല്യങ്ങൾ ബാധിച്ചവർക്ക് മാതാപിതാക്കൾ താങ്ങായി മാറാറുണ്ട്. അങ്ങനെയാണെങ്കിലും പലപ്പോഴും കുഞ്ഞുങ്ങൾ അമ്മമാർക്കൊപ്പം നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി കൂടുകയാണ് പതിവ്. അതിൽ നിന്ന് വ്യത്യസ്തനാവുകയാണ് കൊല്ലം മൈനാഗപ്പള്ളി സ്വദേശി അഫ്സാൻ ഷാ. കൊല്ലത്ത് നടന്ന ഇൻക്ലൂസിവ് കായിക മേളയിൽ നിന്നുള്ള കാഴ്ച.
വേദി കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി കോർപ്പറേഷൻ സ്റ്റേഡിയം ജില്ലാതല ഇൻക്ലൂസീവ് കായികമേള. ഗ്രൗണ്ടിൽ നടക്കുന്നത് ത്രോ ബോൾ മത്സരം. അമ്മയുടെ മനക്കരുത്ത് കാലുകളാക്കി അവനിറങ്ങി. വിസിൽ മുഴങ്ങി സെക്കൻഡുകൾക്കുള്ളിൽ പരിമിതികൾ മറികടന്ന് അഫ്സാൻ ഷായുടെ സെർവ്.
മൈനാഗപ്പള്ളി മിലാദ് ഷെരീഫ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് അഫ്സാൻ. ജന്മനാ കാലുകൾക്കുള്ള തളർച്ച അവന്റെ മനസ്സിനില്ല. ഇതാദ്യമായല്ല കായിക മേളയിലെ അഫ്സാൻഷായുടെ പങ്കാളിത്തം. നാലുവർഷം മുൻപുവരെ ചികിത്സ നടത്തി. ഒടുവിൽ കൃത്രിമ കാലുകൾ വയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. സാമ്പത്തിക പ്രതിസന്ധി തുടർ ചികിത്സ പ്രതിസന്ധിയിലാക്കി. പഠനത്തിലും മിടുക്കനാണ് അഫ്സാൻ. റിലേയിലും, ലോങ്ങ് ജംപിലുമൊക്കെ കൊച്ചു മിടുക്കന്റെ മനക്കരുത്ത് വിജയം കൈവരിക്കട്ടെ.