ഉദ്ഘാടനം പൂർത്തിയായിട്ടും കച്ചവടക്കാർക്ക് തുറന്നു കൊടുക്കാതെ കൊല്ലം നീണ്ടകര ഹാർബറിലെ വ്യാപാര സമുച്ചയം. കോടികൾ ചെലവഴിച്ചു നിർമിച്ച കെട്ടിടങ്ങളാണ് ആർക്കും ഉപകാരമില്ലാതെ നശിക്കുന്നത്. കെട്ടിട സമുച്ചയം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയത് മത്സ്യത്തൊഴിലാളികൾക്കും ഭീഷണിയായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് പണികഴിപ്പിച്ചതാണ് നീണ്ടകര ഹാർബറിലെ വ്യാപാര സമുച്ചയം. നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് നിർമാണം പൂർത്തിയാക്കി ഉദ്ഘാടനവും നടത്തി. എന്നാൽ, കെട്ടിടം തുറന്നു കൊടുക്കാൻ അധികൃതർ തയ്യാറായില്ല. കച്ചവടക്കാർക്ക് വാടക കുടിശികയുണ്ടെന്ന സാങ്കേതിക തടസം ചൂണ്ടിക്കാട്ടിയായിരുന്നു വ്യാപാര സമുച്ചയം അടച്ചിട്ടത്. മാസങ്ങൾ പിന്നിടുമ്പോൾ കെട്ടിടം തെരുവ് നായകളുടെയും, സാമൂഹ്യവിരുദ്ധരുടെയും വിഹാരകേന്ദ്രമായി മാറി.
കെട്ടിടത്തിനൊപ്പം തന്നെ ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച പൊതു ശൗചാലയത്തിന്‍റെ അവസ്ഥ പരമദയനീയം. ലഹരി മാഫിയ പ്രദേശത്ത് പിടിമുറുക്കിയെന്നും ആരോപണമുണ്ട്. ട്രോളിംഗ് നിരോധനം അവസാനിക്കുന്നതോടെ കെട്ടിടം പ്രവർത്തനസജ്ജമാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് വിഫലമായി. വ്യാപാര സമുച്ചയം തുറന്നു കൊടുക്കാൻ നടന്ന ചർച്ചകളും ഫലം കണ്ടില്ല.