ഡോക്ടര്‍മാരും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ വീര്‍പ്പുമുട്ടുകയാണ് കൊല്ലം ജില്ലാ ആശുപത്രി. അടിയന്തര ചികില്‍സയ്ക്കായി എത്തിയാല്‍ അപ്പോഴേ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയാണ് പ്രധാന ജോലി. മെഡിക്കല്‍ കോളജില്‍ ചികില്‍സാ അനാസ്ഥയില്‍ മരിച്ച വേണുവും ആദ്യമെത്തിയത് കൊല്ലം ജില്ലാ ആശുപത്രിയിലാണ്.
ഇക്കാണുന്നതാണ് കൊല്ലം ജില്ലാ ആശുപത്രി. ചെറിയ അസുഖങ്ങള്‍ക്കാണെങ്കില്‍ ഇവിടം ഒകെയാണ്. അല്ലെങ്കില്‍ ഡോക്ടര്‍മാര്‍ തന്നെ പറയും മെഡിക്കല്‍ കോളജിലേക്ക് വിട്ടോളാന്‍. ദിനവും ആയിരക്കണക്കിനു പേരാണ് ആശുപത്രിയില്‍ ചികില്‍സ തേടിയെത്തുന്നത്. പ്രധാന ആശുപത്രിയാണെങ്കിലും ന്യൂറോ സര്‍ജന്‍ വരുന്നത് ആഴ്ചയില്‍ ഒരു ദിവസം. ആന്‍ജിയോഗ്രാമിനും ആന്‍ജിയോ പ്ലാസ്റ്റിക്കുമൊക്കെ ദിവസങ്ങള്‍ കാത്തിരിക്കണം. ഇങ്ങനെ പരാധീനതകള്‍ക്ക് നടുവിലാണ് കൊല്ലത്തെ ഈ പ്രധാന ആശുപത്രി. വികസന സമിതയംഗം തന്നെ പറയുന്നത് കേള്‍ക്കുക.
കഴിഞ്ഞ ദിവസം മരിച്ച വേണുവും ആദ്യം ചികില്‍സയ്ക്കെത്തിയത് ഇവിടെയാണ്. ഇവിടെ നിന്നാണ് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തത്. ആശുപത്രിയിലെ ആംബുലന്‍സ് കിട്ടാത്തതു കാരണം പുറത്തു നിന്നു വിളിച്ച ആംബുലന്‍സിലായിരുന്നു യാത്ര. എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി ഫണ്ടില്‍ നിന്നു നല്‍കിയ ആംബുലന്‍സ് ചലനമറ്റു കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. പരിഹരിക്കപ്പെടാത്ത ഇതുപോലുള്ള നിരവധി വിഷയങ്ങള്‍ ഉള്ളപ്പോഴും അധികാരികള്‍ ആവര്‍ത്തിക്കുകയാണ് സിസ്റ്റത്തിന്‍റെ എററാണെന്ന്.