കൊല്ലം ശാസ്താംകോട്ട തടാക തീരത്തെ കുരങ്ങുകള്‍ പകര്‍ച്ചവ്യാധി പിടിയില്‍. ഒരാഴ്ചയ്ക്കിടയില്‍ നാലു കുരങ്ങുകള്‍ രോഗത്താല്‍ ചത്തു. പശു, ആട് തുടങ്ങിയ വളര്‍ത്തു മൃഗങ്ങളിലേക്ക് രോഗം വ്യാപിക്കുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.

സാധാരണ കണ്ടു വരുന്ന അസുഖങ്ങളില്‍ നിന്നു വ്യത്യസ്തമായ ലക്ഷണങ്ങളാണ് കുരങ്ങുകളില്‍ കാണുന്നത്. രോമങ്ങള്‍ ജടപിടിക്കുകയും കൂട്ടത്തോടെ പൊഴിയുകയും ചെയ്യുന്നു. രോമം മുഴുവന്‍ നഷ്ടമായി ശരീരം ചുവന്ന നിറമാകുന്നു. പിന്നാലെ തീറ്റയെടുക്കാതെ കുരങ്ങുകള്‍ അവശരാകുന്നു. അസുഖം ബാധിച്ചവ തണുപ്പുള്ളതും ഇടുങ്ങിയതുമായ പ്രദേശങ്ങളില്‍ അഭയം തേടുകയും അവിടെ കിടന്നു ചാകുകയുമാണ് പതിവ്. ദുര്‍ഗന്ധം വമിക്കുമ്പോഴാണ് നാട്ടുകാര്‍ അറിയുന്നത്. വനം വകുപ്പിനേയും വെറ്റിനറി ഡോക്ടര്‍മാരേയും അറിയിച്ചെങ്കിലും ഇതുവരെയും രോഗം കണ്ടു പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ നാട്ടുകാരും പരിഭ്രാന്തിയിലാണ് 

വളര്‍ത്തു മൃഗങ്ങളിലേക്ക് പകരാനുള്ള സാധ്യതയാണ് നാട്ടുകാരില്‍ ആശങ്ക ഉണ്ടാക്കുന്നത്. മാത്രമല്ല ഇതു മനുഷ്യരിലേക്ക് പകരില്ലെന്നുള്ളതിനുള്ള ഉറപ്പും ഇവരാരും നല്‍കുന്നില്ല. ശാസ്താംകോട്ടയില്‍ മനുഷ്യര്‍ ഇടതിങ്ങി പാര്‍ക്കുന്ന സ്ഥലത്ത് ധാരാളം വാനരന്‍മാരുണ്ടു താനും. 

ENGLISH SUMMARY:

Kollam Sasthamkotta Lake is experiencing a monkey disease outbreak, with four monkeys dying within a week. Residents are concerned about the potential spread to domestic animals and the unknown nature of the illness impacting the monkey population.