ദേശീയപാതാ നിര്‍മാണത്തിന്‍റെ പേരില്‍ അടിപ്പാത പോലും നിഷേധിച്ച് സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കിയെന്ന പരാതിയുമായി കൊല്ലം ഇത്തിക്കര സ്വദേശികള്‍. 400 കുടുംബങ്ങളുടെ വഴിയടച്ചതില്‍ പ്രതിഷേധിച്ച് സത്യാഗ്രഹ സമരത്തിലാണ് പ്രദേശവാസികള്‍. സ്വന്തം വീട്ടിലെത്താന്‍ അഞ്ചു കിലോമീറ്റര്‍ ചുറ്റിക്കുന്ന വികസനമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് പ്രദേശവാസികളുടെ ആരോപണം.
നാട്ടുകാരുടെ ആവശ്യങ്ങള്‍ക്ക് പുല്ലുവില കല്‍പിച്ചുള്ള ദേശീയപാതാ നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് ഇവര്‍ ആരോപിക്കുന്നത്. നിലവിലെ നിര്‍മാണം അതേ പടിനടന്നാല്‍ ഒരാള്‍ക്ക് ആശുപത്രിയില്‍ പോലും എത്തണമെങ്കില്‍ ആറു കിലോമീറ്ററിലധികം സഞ്ചരിക്കേണ്ടി വരും. അധികാരികളോട് പറഞ്ഞു മടുത്തപ്പോഴാണ് ഇവര്‍ സത്യഗ്രഹ സമരവുമായി എത്തിയത്.
ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ വോട്ടെടുപ്പും ബഹിഷ്കരിക്കുമെന്നാണ് നാട്ടുകാരുടെ തീരുമാനം.