കൊല്ലം കരുനാഗപ്പള്ളിയിലെ വിഭാഗീയതയില്‍ കടുത്ത നടപടിക്കൊരുങ്ങി സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി. നടപടിയുടെ ഭാഗമായി കഴിഞ്ഞ ദിവസം 32 പേരോടു വിശദീകരണം ചോദിച്ചിരുന്നു. കഴിഞ്ഞ സമ്മേളനകാലത്ത് കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചു വിടുകയും 7 ലോക്കല്‍ കമ്മിറ്റികളില്‍ മല്‍സരത്തെ തുടര്‍ന്നു സമ്മേളനം നിര്‍ത്തിവെയ്ക്കേണ്ടിയും വന്നിരുന്നു
പാര്‍ട്ടിക്ക് കൊല്ലം ജില്ലയില്‍ നാണക്കേടുണ്ടാക്കിയ വിഭാഗീയതെന്നാണ് ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തിയത്. സംസ്ഥാന കമ്മിറ്റിയംഗങ്ങളെ സമ്മേളന ഹാളില്‍ പൂട്ടിയിട്ടു, ഏരിയാ കമ്മിറ്റി ഓഫിസിലേക്ക് ആരോപണങ്ങള്‍ നിറഞ്ഞ പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രകടനം നടത്തി , ഓഫിസിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു ഇങ്ങനെ നീളുന്നു കണ്ടെത്തലുകള്‍. കുറ്റാരോപിതരെന്നു കണ്ടെത്തിയ 32 പേരോടു വിശദീകരണം ചോദിച്ചിരുന്നു. ഇവര്‍ക്ക് മറുപടി നല്‍കാനുള്ള സമയം ഇന്നു വൈകിട്ട് അവസാനിക്കും. അതു കഴിഞ്ഞ് നടപടിയിലേക്ക് കടക്കും.
പുറത്താക്കലും , തരം താഴ്ത്തലടക്കമുള്ള കടുത്ത നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന. പാര്‍ടി സമ്മേളനം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും ഏരിയാ കമ്മിറ്റിയില്‍ ടി.മനോഹരന്‍ കണ്‍വീനറായ അഡ്ഹോക് കമ്മിറ്റിക്കാണ് നിലവില്‍ ചുമതല നല്‍കിയിരിക്കുന്നത്. മുന്‍ സംസ്ഥാന കമ്മിറ്റിയംഗം സൂസന്‍ കോടി, ജില്ലാ കമ്മിറ്റിയംഗം പി.ആര്‍.വസന്തന്‍ ഉള്‍പ്പെടെ 32 പേര്‍ക്കാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.