അപകടങ്ങള്‍ തുടര്‍ക്കഥയായി പുനലൂര്‍ മൂവാറ്റുപുഴ പാത. അലുമുക്കില്‍ കഴിഞ്ഞ ദിവസം രാത്രിയിലും നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി വലിയ നാശ നഷ്ടമുണ്ടായി. അലിമുക്ക് ജംഗ്ഷനില്‍ നിന്നു അച്ചന്‍കോവിലിലേക്ക് തിരിയുന്ന ഭാഗത്താണ് സ്ഥിരം അപകടങ്ങള്‍ ഉണ്ടാകുന്നത്.
കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ മാത്രം പ്രദേശത്ത് നടന്നത് അഞ്ചു അപകടങ്ങളാണ്. രാത്രിയിലാണ് ഭൂരിഭാഗം അപകടങ്ങളും സംഭവിക്കുന്നത്. അപകടങ്ങള്‍ സ്ഥിരമായതോടെ അലുമുക്കിനെ നാട്ടുകാര്‍ ഇപ്പോള്‍ വിളിക്കുന്നത് അപകടമുക്ക് എന്നാണ്. മിക്കവാറും നിയന്ത്രണം തെറ്റുന്ന വാഹനങ്ങള്‍ ഇടിച്ചുകയറുന്നത് സമീപത്തെ ചിപ്സ് കടയിലാണ്. ഓണവിപണി ലക്ഷ്യം വെച്ച് വില്‍പനയ്ക്കായി വാങ്ങിവെച്ച ചിപ്സും പാക്കിങ്ങിനായുള്ള ഉപകരണങ്ങളും പൂര്‍ണമായും നശിച്ചു.
സാധാരണ വളവുകളില്‍ റോഡ് നിര്‍മാണത്തില്‍ ശ്രദ്ധിക്കേണ്ട ശാസ്ത്രീയത ഇവിടെ പാലിക്കാത്തതാണ് അപകടത്തിനു കാരണമെന്നാണ് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നത്. ബാരിക്കേടുകള്‍ സ്ഥാപിക്കാത്തതാണ് സമീപത്തുള്ള കടയിലേക്ക് അടക്കം ഇടിച്ചുകയറാന്‍ കാരണം. ഇതു നിരവധി തവണ ഉദ്യോഗസ്ഥരോട് ചൂണ്ടിക്കാണിച്ചെങ്കതിലും അവര്‍ നടപടിയെടുത്തിട്ടില്ല.