മോഷ്ടാക്കളെ കൊണ്ടു പൊറുതിമുട്ടി അഞ്ചലിലെ കര്‍ഷകര്‍. വിളവെടുക്കാറായ അടയ്ക്ക മുതല്‍ വാഴക്കുല വരെയാണ് ഇവര്‍ മോഷ്ടിച്ചു കടത്തിയത്. പേരും, ഫോട്ടോയും സഹിതം പൊലീസില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയില്ലെന്നു കര്‍ഷകര്‍.
ഓണവിപണി ലക്ഷ്യം വെച്ചുള്ള വിളകളാണ് ഒന്നാകെ മോഷ്ടിച്ചത്. കടം മേടിച്ച് കൃഷിയിറക്കിയ കര്‍ഷകര്‍ ഇതോടെ ആകെ പ്രതിസന്ധിയിലായി. ലഹരി വില്‍പനക്കാരും കൂട്ടാളികളുമാണ് മോഷണം സ്ഥിരമാക്കിയത്. ആക്രമണം ഭയന്നു ആരും പരസ്യമായി പ്രതികരിക്കാത്തതാണ് ഇവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയത്. മോഷ്ടിക്കുന്നവരുടെ പേരും ചിത്രങ്ങളും അടക്കം പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പൊലീസ് തിരിഞ്ഞ് നോക്കിയില്ലെന്നു ഇവര്‍ പരാതിപ്പെടുന്നു. വാഴക്കുല, മരിച്ചീനി, അടയ്ക്ക, പച്ചക്കറികള്‍, വാഴക്കുല എന്നിവയെല്ലാം മോഷണം പോയെന്ന് കര്‍ഷകര്‍ പറയുന്നു.
നേരത്തെ പന്നിശല്യമായിരുന്നു കര്‍ഷകര്‍ക്ക് ഭീഷണി. കര്‍ഷകര്‍ തന്നെ സംഘടിച്ച് പന്നിയെ തുരത്തി. ഇപ്പോള്‍ മോഷ്ടാക്കളാണ് ശല്യം. നടപടിയെടുത്തില്ലെങ്കില്‍ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിനാണ് തീരുമാനം.