കൊല്ലം കലാവേദി –സഞ്ചാരിമുക്ക് റോഡ് വെട്ടിപ്പൊളിച്ചിട്ടിട്ട് പത്തുമാസം. ഇരവിപുരം എം.എല്‍.എ ,എം.നൗഷാദിന്‍റെ ഫണ്ടുപയോഗിച്ച് 3 കോടി രൂപ ചെലവിട്ടു നിര്‍മിക്കുന്ന റോഡിനാണ് ഈ ദുര്‍ഗതി. കോര്‍പറേഷനിലെ പട്ടത്താനം വാര്‍ഡിലാണ് കലാവേദി –സഞ്ചാരിമുക്ക് റോഡ്.
റോഡ് ആവശ്യപ്പെട്ട നാട്ടുകാര്‍ക്ക് വീടിനു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണിന്ന്. ഓടയ്ക്കായെടുത്ത കുഴിയില്‍ വീഴാതെ കഷ്ടിച്ചാണ് കാല്‍നടയാത്രക്കാര്‍ പോലും രക്ഷപ്പെടുന്നത്. വീണാല്‍ കൂര്‍ത്ത കമ്പിയില്‍ വീണു വലിയ അപകടമാകും ഉണ്ടാകുക. 3 കോടി രൂപയ്ക്ക് കരാര്‍ എടുത്ത് നിര്‍മാണം ആരംഭിച്ചത് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍. അന്നു കുഴിച്ചിട്ട കുഴിയാണ് ഈ കെടപ്പ് കിടക്കുന്നത്.
അന്നു കൊണ്ടിട്ട ജെ.സി.ബി അടക്കമുള്ളവ ഇപ്പോഴും ഇവിടെ കിടപ്പുണ്ട്, ഓടയ്ക്കായി കൊണ്ടിട്ട കമ്പി തുരുമ്പെടുക്കുന്നു. വാര്‍ഡ് കൗണ്‍സിലറോടും, എം.എല്‍.എ , എം.നൗഷാദിനോടും നാട്ടുകാര്‍ ചോദിച്ചെങ്കിലും ഇവര്‍ കൈമലര്‍ത്തുന്നു. എം.എല്‍.എ , സിപിഎം ആണെങ്കിലും കൊല്ലം കോര്‍പറേഷനിലെ പട്ടത്താനം വാര്‍ഡില്‍ കോണ്‍ഗ്രസ് കൗണ്‍സിലറാണ്.