അഞ്ച് തദ്ദേശ ശിഖിരങ്ങളിലും സമ്പൂര്‍ണ ആധിപത്യം ഉറപ്പിച്ചാണ് യു.ഡി.എഫിന്റെ ചരിത്രവിജയം. കൊല്ലത്തിന്റെ ചരിത്രം തിരുത്തിയെഴുതി നാല് കോര്‍പറേഷനുകളും ഏഴ് ജില്ലാ പഞ്ചായത്തുകളും യു.ഡി.എഫ് പിടിച്ചെടുത്തു. അഞ്ഞൂറിലധികം പഞ്ചായത്തുകളുമായി ഏറ്റവും അടിത്തട്ടില്‍ വേരാഴ്ത്തിയത് തലയെടുപ്പായി. മുന്‍സിപ്പാലിറ്റികളിലെ ആധിപത്യം വര്‍ധിപ്പിച്ചതും യു.ഡി.എഫിന്റെ നേട്ടം.
ഗെയിംപ്ളാന്‍ മാറ്റിപ്പരീക്ഷിച്ചിറങ്ങിയ യുഡിഎഫിന് കരുക്കല്‍ തെറ്റിയില്ല. പ്രതിരോധം വിട്ട് അക്രമിച്ചു കളിച്ചാണ് തദ്ദേശത്തിലെ യുഡിഎഫ് തേരോട്ടം. കണ്ണൂര്‍ കൈപിടിയില്‍ ഭദ്രമാക്കി കൊച്ചി, തൃശൂര്‍ കോര്‍പറേഷനുകള്‍ തിരിച്ചുപിടിച്ചപ്പോള്‍, ഇടത് വിങ്ങിലൂടെ വെട്ടിക്കയറി കൊല്ലത്തിന്റെ ഗോള്‍വല കുലുക്കിയ യുഡിഎഫിന്റെ അട്ടിമറി രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചു.
നിയമസഭയിലേക്കുള്ള വോട്ടിങിന്റെ മിനി പകര്‍പ്പായി വിലയിരുത്തപ്പെടുന്ന ജില്ലാ പഞ്ചായത്തുകളില്‍ അഞ്ച് പ്രതീക്ഷിച്ചിടിത്ത് ഏഴിന്റെ വിജയമാണ് കിട്ടിയത്. തിരുവനന്തപുരത്ത് രണ്ടു സീറ്റിന്റെയും കൊല്ലത്ത് നാല് സീറ്റിന്റെ വ്യത്യാസത്തില്‍ ഫിനിഷ് ചെയ്തതതിലൂടെ ജില്ലാ പഞ്ചായത്തിലും കാതലുള്ള കസേര ഉറപ്പിച്ചു യുഡിഎഫ്.
മുന്‍സിപ്പാലിറ്റികളില്‍ പൊതുവേ യുഡിഎഫിനാണ് അധിപത്യം. എന്നാല്‍, കഴിഞ്ഞതവണത്തെ 44 മുന്‍സിപ്പാലിറ്റികള്‍ ഇത്തവണ അര്‍ധസെഞ്ചുറി കടത്തി ആഘോഷമാക്കി. കരുനാഗപ്പള്ളി, കായംകുളം, കൂത്താട്ടുകുളം മുന്‍സിപ്പാലിറ്റികളില്‍ ചുവപ്പ് മായ്ച്ചുള്ള മുന്നേറ്റം ശ്രദ്ധേയമായി.
ബ്ളോക്ക് പഞ്ചായത്തുകളിലും എല്‍ഡിഎഫിനെ പിടിച്ചുകെട്ടി പിന്നിലാക്കി യുഡിഎഫ്. സി.പി.എമ്മിന്റെ പൊക്കില്‍ക്കൊടി ബന്ധത്തിന്റെ വേററുത്തത് ഇവിടെയൊന്നുമല്ല. ജനാധിപത്യത്തിന്റെ ഏറ്റവും അടിത്തെട്ടായ ഗ്രാമപഞ്ചായത്തുകളിലാണ്. അഞ്ഞൂറിലധികം പഞ്ചായത്തുകളിലെ സര്‍വാധിപത്യവും അറുപതിലധികം ഇടങ്ങളില്‍ സമനില ഉറപ്പിച്ചതും യുഡിഎഫിന് ഊര്‍ജ്ജമായി. സെമി ഫൈനല്‍ കളറായി. രണ്ടുതവണ നഷ്ടമായ കപ്പ് ഫൈനലില്‍ ഉയര്‍ത്താനാണ് ഇനിയുള്ള ടീം യുഡിഎഫിന്റെ യാത്ര.