കൊല്ലം തീരത്തടിഞ്ഞ കണ്ടൈനറുകളില്‍ ഇനിയും മാറ്റാനുള്ളത് 21 കണ്ടെയ്നറുകള്‍. വാഹനസൗകര്യമില്ലാതെ തീരത്തടിഞ്ഞ കണ്ടെയ്നനറുകള്‍ എങ്ങനെ മാറ്റുമെന്നതിലും അവ്യക്തത. വൈകാതെ തന്നെ കണ്ടെയ്നറുകള്‍ നീക്കം ചെയ്യുമെന്നു കൊല്ലം കലക്ടര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
എട്ടു ദിവസം മുന്‍പ് കൊല്ലത്തെ വിവിധ പ്രദേശങ്ങളിലായി തീരത്തടിഞ്ഞത് 43 കണ്ടൈനറുകള്‍. ആലപ്പാട് , വലിയഴീക്കല്‍ , നീണ്ടകര, ശക്തികുളങ്ങര ,തിരുമുല്ലാവാരം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കണ്ടൈനറുകള്‍ അടിഞ്ഞത്. ശക്തി കുളങ്ങരയില്‍ നിന്നാണ് കണ്ടൈനറുകള്‍ നീക്കുന്ന പ്രവൃത്തി ആദ്യം തുടങ്ങിയത്. എന്നാല്‍ തീരത്തനടുത്തേക്ക് വാഹന സൗകര്യമില്ലാത്ത തിരുവില്ലാപുരം പോലുള്ള സ്ഥലങ്ങളിലടിഞ്ഞ കണ്ടൈനറുകള്‍ എങ്ങനെ നീക്കുമെന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല.
തീരത്തു നിന്നും വലിയ ക്രെയിന്‍ ഉപയോഗിച്ച് കരയിലേക്ക് വലിച്ചു കയറ്റുന്ന കണ്ടൈനറുകള്‍ റോഡ് മാര്‍ഗം കൊല്ലം തുറമുഖത്തെത്തിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ചില കണ്ടൈനറുകളിലുണ്ടായിരുന്ന പ്ലാസ്റ്റിക്, തുണി എന്നിവ കപ്പല്‍ കമ്പനിക്കു തന്നെ കൈമാറും. നിലവില്‍ ഇത് കൊല്ലം തുറമുഖത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.