കൊല്ലം ജില്ലയില്‍ കൂട്ടിയും കിഴിച്ചും മുന്നണികള്‍. കോര്‍പറേഷനിലടക്കം നിലവിലെ സീറ്റിനേക്കാള്‍ കൂടുതല്‍ സീറ്റു നേടുമെന്നു എല്‍ഡിഎഫ്. കോര്പറേഷന് ഭരണമടക്കം വലിയ സ്വപ്നം കണ്ട് യുഡിഎഫ്. നില മെച്ചപ്പെടുത്തുമെന്നു എന്‍ഡിഎ
കൊല്ലത്ത് ഒരു മാറ്റവും സംഭവിക്കില്ലെന്നും അടിത്തറ ഭദ്രമാണെന്നുമാണ് എല്‍ഡിഎഫ് അവകാശവാദം. ശബരിമല സ്വര്‍ണക്കൊള്ള വിവാദമടക്കം പ്രതിപക്ഷമുയര്‍ത്തിയ ആരോപണങ്ങളെല്ലാം തള്ളികളഞ്ഞെന്നും സര്‍ക്കാരിന്റെ ക്ഷേമ പെന്ഷന് വര്‍ധനയടക്കം നെഞ്ചേറ്റിയെന്നും വാദിക്കുന്നു. അതുകൊണ്ടു തന്നെ നിലവിലെ സീറ്റിലും ആനുപാതിക വര്‍ധനവുണ്ടാകും
വലിയ സ്വപ്നങ്ങളാണ് യുഡിഎഫ് കേന്ദ്രങ്ങളില്‍. കൊല്ലം കോര്‍പറേഷനില്‍ ഭരിക്കാനാവശ്യമായ 29 എന്ന മാജിക് നമ്പരിലേക്കെത്തും. നിലവിലെ ഒന്നില്‍ നിന്നു പകുതിയില്‍ കൂടുതല്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ നേടും. ജില്ലാ പഞ്ചായത്തില്‍ വലിയ മുന്തൂക്കമുണ്ടാക്കും. പ്രതീക്ഷകളുടെ പട്ടിക നീളുന്നു. പ്രതീക്ഷകളുടെ കണക്കില്‍ ബിജെപിയും പിന്നിലല്ല
ന്യൂനപക്ഷ മേഖലകളിൽ സ്ത്രീകളിൽ കൂട്ടത്തോടെ എത്തിയത് യുഡിഎഫും എൽഡിഎഫും അനുകൂലമായ കാണുമ്പോൾ ബിജെപിയുടെ സ്വാധീനമേഖലകളിൽ 2 മണിയോടെ 60 % പോളിങ് വരെ നടന്ന ബൂത്തുകളുണ്ട്. കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ തന്നെ മഠങ്ങളിൽ നിന്നു വോട്ട് ചെയ്യാനെത്തി. ഉച്ച കഴിഞ്ഞതോടെ സ്ത്രീകളുടെ വലിയ നിരയാണ് രൂപപ്പെട്ടത്. മലയോര, തീരദേശ, നഗര കേന്ദ്രീതമായ മേഖലകളിൽ വരിനിന്നതിൽ ഭൂരിഭാഗവും സ്ത്രീകൾ ആയിരുന്നു. മിക്ക വോട്ടർമാരും സ്വമേധയ എത്തുകയായിരുന്നു. മുൻ തിരഞ്ഞെടുപ്പുകളിൽ കാണുന്നതു പോലെ വോട്ടർമാരെ എത്തിക്കുന്നതിൽ മത്സരബുദ്ധിയോടെ നിൽക്കുന്ന പ്രവർത്തകരെ ഭൂരിപക്ഷം സ്ഥലങ്ങളിലും കാണാനില്ലായിരുന്നു. പോളിങ് സ്റ്റേഷനു സമീപം മുന്നണികളുടെ ബൂത്ത് ഓഫിസുകളിൽ മിക്കയിടത്തും പ്രവർത്തകരുടെ കൂട്ടമുണ്ടായില്ല. ഒറ്റപ്പെട്ട നേരിയ തർക്കം ഒഴികെ സമാധാനപരമായി വോട്ടെടുപ്പ് അവസാനിച്ചത്.
പ്രാഥമിക കണക്ക് പ്രകാരം ജില്ലയിൽ കുറഞ്ഞ പോളിങ് ശതമാനം കൊല്ലം കോർപറേഷനിലാണ്. ആദ്യ മണിക്കൂറിൽ 8% വരെയാണ് നാലു മണിക്കൂർ പിന്നിട്ടപ്പോൾ അതു 25.14% ശതമാനമായി ഉയർന്നെങ്കിലും മറ്റു തദ്ദേശ സ്ഥാപനങ്ങളിൽ 30 ശതമാനത്തിൽ അധികമായിരുന്നു അപ്പോൾ പോളിങ്. കൂടുതൽ സ്ത്രീകൾ വോട്ട് ചെയാനെത്തിയതോടെയാണ് പോളിങ് ശതമാനം ഉയർന്നത്. ഭരണത്തുടർച്ച ഇടതുമുന്നണി പ്രതീക്ഷിക്കുമ്പോൾ ഇക്കൊല്ലം മാറുമെന്നാണ് യുഡിഎഫ് വിലയിരുത്തൽ. മിന്നുന്ന വിജയം ബിജെപിയുടെ കണക്കുകൂട്ടൽ. നിശബ്ദമായ ജനമനസ്സ് ആർക്കൊപ്പം എന്നറിയാൻ 13 വരെ കാത്തിരിക്കണം.