നെല്ല് സംഭരണം തടസ്സപ്പെട്ടതിൽ കൃഷിഭവനിൽ എത്തി കർഷകരുടെ പ്രതിഷേധം. ആലപ്പുഴ തോട്ടപ്പള്ളി മലയിൽതോട് പാടശേഖരത്തെ നെല്ല് സംഭരണം തടസ്സപ്പെട്ടതാണു പ്രതിഷേധത്തിന് കാരണം. ആഴ്ചകൾക്കു മുൻപ് കൊയ്ത്ത് പൂർത്തിയായ ഇവിടെ 8മില്ലുകളെ നെല്ല് സംഭരിക്കാനായി സപ്ളൈകോ ചുമതലപ്പെടുത്തിയിരുന്നു.
ഇതിൽ ഒരുമില്ലു 6കിലോ കിഴിവിൽ ഏതാനും ലോഡ് നെല്ലെടുത്ത ശേഷം സംഭരണം നിർത്തി. നിലവിൽ അമ്പതിനായിരം ക്വിൻ്റൽ നെല്ല് പാടശേഖരത്തും റോഡരികിലുമായി കൂട്ടിയിട്ടിരിക്കുകയാണ്. മഴ മുന്നറിയിപ്പ് വന്നതോടെ കർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്. മഴയിൽ നെല്ല് നശിക്കുമെന്ന ആശങ്കയിൽ മില്ലുടമകൾ ആവശ്യപ്പെടുന്ന കിഴിവിന് നെല്ല് നൽകാൻ കർഷകർ നിർബന്ധിതരാകുകയുമാണ്.
ഇത് കനത്ത നഷ്ടത്തിന് ഇടവരുത്തും. ഓരോദിവസവും മില്ലുകാർ വിലയിൽ കൂടുതൽ കിഴിവ് ആവശ്യപ്പെടുന്നതോടെ ആണ് കർഷകർ പുറക്കാട് കൃഷി ഭവന് മുന്നിൽ പ്രതിഷേധവുമായെത്തിയത്. നെല്ല് സംഭരണം ഉറപ്പാക്കാമെന്ന് സപ്ളൈകോ അധികൃതർ ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.