ലോഡുമായി തമിഴ്നാട്ടിലേക്ക് പോയ ലോറി മറിഞ്ഞപ്പോൾ തുണയായെത്തിയ നാട്ടുകാർക്ക് അഭിവാദ്യവുമായി സമൂഹമാധ്യമങ്ങൾ. തിരുവനന്തപുരം പള്ളിച്ചലിലാണ് കഴിഞ്ഞദിവസം പൈനാപ്പിൾ ലോറി മറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന പൈനാപ്പിളുകൾ റോഡിലേക്ക് ചിതറിവീണു. രക്ഷകരായി ആദ്യം ഓടിയെത്തിയത് പള്ളിച്ചൽ സ്വദേശികളായ നാട്ടുകാരാണ്. അവർ വാഹനം ഉയർത്താനും ചിതറിവീണ പൈനാപ്പിളുകൾ തിരികെ വാഹനത്തിൽ കയറ്റാനും സഹായിച്ചു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഇപ്പോഴിതാ മലയാളികൾക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സോഷ്യൽ മീഡിയ ഹാൻഡിലുകൾ. സംഭവത്തിന്റെ വിഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടിരുന്നു. പ്രധാനമായും വിഡിയോ പങ്കുവച്ചത് തമിഴ് ഹാൻഡിലുകളായിരുന്നു. തമിഴ്നാട്ടിൽനിന്നുള്ള കച്ചവടക്കാരനെ ചേർത്തുപിടിച്ച മലയാളികൾക്കും ഒരു പൈനാപ്പിൾ പോലും നഷ്ടപ്പെടാതെ വാഹനത്തിൽ കയറ്റിയ മലയാളികളുടെ പൗരബോധത്തിനുമാണ് പ്രശംസ.

അപകടത്തിൽപ്പെട്ട വാഹനത്തിന് കാര്യമായ കേടുപാടുകളോ ഡ്രൈവർക്ക് ഗുരുതരമായ പരുക്കോ ഇല്ല. അപകടത്തിന് തൊട്ടുപിന്നാലെ ആളുകൾ ടാർപോളിൻ വിരിച്ച് പൈനാപ്പിളുകൾ ശേഖരിക്കുകയും വാഹനം ഉയർത്തുകയുമായിരുന്നു.

ENGLISH SUMMARY:

Viral incident in Pallichal where local residents helped a Tamil Nadu merchant reload spilled pineapples after his lorry overturned. The heartwarming display of civic sense by Keralites has earned widespread praise across social media platforms in Tamil Nadu.