വയനാട്ടിൽ കാർഷികവിളകൾ വെട്ടിനശിപ്പിക്കുന്നതിന് അറുതിയില്ല. സാമൂഹിക വിരുദ്ധർ തുടർച്ചയായി വിളകൾ വെട്ടിനശിപ്പിക്കുന്ന പ്രവണത വർധിക്കുകയാണ്. മാനന്തവാടി പടച്ചിക്കുന്നിൽ പാട്ടത്തിനെടുത്ത ഭൂമിയിൽ കുലയ്ക്കാൻ പാകമായ നേന്ത്രവാഴകൾ അജ്ഞാതർ വെട്ടി നശിപ്പിച്ചു. ആറുവാൾ സ്വദേശി ബേബിയുടെ കൃഷിയിടത്തിലാണ് ഈ ക്രൂരത. നേരത്തെ മുട്ടിൽ ചിലഞ്ഞിച്ചാലിൽ കർഷകനായ ജെയിംസിന്റെ വാഴകളും ഇത്തരത്തിൽ അജ്ഞാതർ വെട്ടിനശിപ്പിച്ചിരുന്നു.
പന്ത്രണ്ടാം വയസ്സിൽ മണ്ണിനോട് ചേർത്തുപിടിച്ച സ്വപ്നങ്ങളാണ് ഒറ്റരാത്രികൊണ്ട് സാമൂഹികവിരുദ്ധരുടെ കത്തിമുനയിൽ അറ്റുവീണത്. പടച്ചിക്കുന്നിൽ മൂന്നര ഏക്കർ ഭൂമി പാട്ടത്തിനെടുത്ത് ആറുവാൾ സ്വദേശി ബേബി നട്ടുവളർത്തിയ അയ്യായിരത്തോളം നേന്ത്രവാഴകളിൽ, മുപ്പതിലേറെ വാഴകൾ പൂർണമായും നശിപ്പിച്ചു. ഒരു വാഴ വെട്ടിമാറ്റിയ നിലയിലും, ബാക്കിയുള്ളവ തണ്ടിൽ ആഴത്തിൽ വരഞ്ഞ് നശിപ്പിച്ച നിലയിലുമാണ്. പതിവുപോലെ രാവിലെ കൃഷിയിടത്തിലെത്തിയ ബേബിയുടെ ഹൃദയം തകർക്കുന്നതായിരുന്നു ആ കാഴ്ച.
കൃഷിയിറക്കി ആറാം മാസത്തിലെത്തിയ വാഴകൾ അടുത്ത മാസം കുലയ്ക്കാൻ പാകമായി നിൽക്കുകയായിരുന്നു. രാവിലെ തോട്ടത്തിലെത്തിയ തൊഴിലാളികളാണ് ഈ ക്രൂരത ആദ്യം കണ്ടത്. ഏക ഉപജീവനമാർഗ്ഗമായ കൃഷിക്കായി വൻതുക മുടക്കിയ ബേബി ആകെ പ്രതിസന്ധിയിലാണ്. വയനാട്ടിൽ കർഷകരുടെ അധ്വാനത്തിന് മേലുള്ള ഇത്തരം കടന്നുകയറ്റങ്ങൾ ആവർത്തിക്കുകയാണ്. കഴിഞ്ഞ മാസം ഏഴിന് മുട്ടിൽ ചെലഞ്ഞിച്ചാലിൽ 1,350 വാഴകളാണ് സമാനരീതിയിൽ വെട്ടി നശിപ്പിച്ചത്. കർഷകന്റെ കണ്ണീരിന് കാരണക്കാരായ സാമൂഹികവിരുദ്ധരെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്.