വെള്ളപ്പൊക്കത്തിൽ കൃഷിവ്യാപകമായി നശിച്ചതോടെ കുട്ടനാട്ടിലെ നെൽകർഷകർ പ്രതിസന്ധിയിൽ. പാടശേഖരത്തിലെ വെള്ളം പമ്പു ചെയ്തു വറ്റിച്ചപ്പോൾ പല കർഷകരുടെയും നെൽ ചെടികൾ പൂർണമായി നശിച്ച നിലയിലാണ്. ഇൻഷുറൻസ് പോലും സമയബന്ധിതമായി ചെയ്യാൻ സാധിക്കാത്തതിനാൽ നഷ്ടപരിഹാരം ലഭിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ.

ചിലയിടങ്ങളിൽ പാതി നെൽച്ചെടികൾ കാണാം. പക്ഷേ അവയും ഇനി വിളവെടുക്കാൻ പറ്റാത്ത നിലയിലേക്കെത്തി. പാടശേഖരത്തിൽ മൊത്തമായി പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലെ മങ്കൊമ്പ് തെക്കേ മണപ്പള്ളി പാടശേഖരത്തിൽ നാൽപതിൽ ചിറയിൽ 2 ഭാഗങ്ങളായി മടവീഴ്ച ഉണ്ടായതോടെ ഇവിടെയും വ്യാപക കൃഷി നാശം ഉണ്ടായി.

രണ്ടാഴ്ചയിലേറെയായി നെൽച്ചെടികൾക്ക് മുകളിൽ കിടന്നിരുന്ന വെള്ളം ഇന്നലെയാണ് പൂർണ്ണമായി വറ്റിക്കാൻ സാധിച്ചത്. വെള്ളം വറ്റിച്ചപ്പോൾ നെൽച്ചെടികൾ പൂർണമായും ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു. നട്ടുപരിപാലിച്ചതെല്ലാം നശിച്ചതോടെ സർക്കാർ അടിയന്തിരമായി ഇടപെടണം എന്ന ആവശ്യം ആണ് കർഷകർ ഉയർത്തുന്നത്.

ENGLISH SUMMARY:

Kuttanad flood has severely impacted paddy cultivation, leaving farmers in distress. With crops completely destroyed after waterlogging and concerns about insurance payouts, farmers are urgently seeking government intervention.