ഒരു ഓഫ് റോഡ് യാത്രയോ, കുതിര സവാരിയുടെ അനുഭവമോ ആണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ തണ്ണീർമുക്കം ബണ്ട് റോഡിലൂടെ ഒരുയാത്ര പോകാം. എണ്ണിയാലൊടുങ്ങാത്ത കുഴികളും അപകടങ്ങളും കടന്നു വേണം യാത്രക്കാർക്ക് മറുപുറം എത്താൻ. റോഡിന്‍റെ ദുരവസ്ഥയിൽ പ്രതിഷേധവും സമരങ്ങളുമൊക്കെ ആവശ്യം പോലെ നടക്കുന്നുണ്ട്. പക്ഷെ അധികൃതർ കണ്ടതായി പോലും നടിക്കുന്നില്ല.
വഴിയില്ല, കുഴിയാകട്ടെ എണ്ണിയലൊടുങ്ങാത്തപോലുണ്ടെന്നാണ് ഈ വഴി പോകുന്നവരുടെ യാത്ര അനുഭവസാക്ഷ്യങ്ങൾ. ശരിക്കും നടുവൊടിഞ്ഞൊരു യാത്ര. ജൂലൈയിൽ അറ്റകുറ്റപ്പണി നടത്തിയ റോഡാണ്. മഴ പെയ്തൊഴിഞ്ഞപ്പോൾ, മഴവെള്ളത്തിനൊപ്പം റോഡും ഒഴുകി പോയെന്ന് നാട്ടുകാര്‍ പറയുന്നു.
കോട്ടയം – ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് ഈ ശോചനീയാവസ്ഥയില്‍. കുഴികളിൽ നിന്ന് കുഴികളിലേക്കൊരു സഞ്ചാരം. അപകടവും ഗതാഗതക്കുരുക്കും സ്ഥിരമാണ്.