kaithary-1

TOPICS COVERED

ആലപ്പുഴയിലെ അവസാനത്തെ കൈത്തറി സഹകരണ സംഘവും അടച്ചുപൂട്ടലിന്‍റെ വക്കിൽ . ആലപ്പുഴ പാണാവള്ളി കൈത്തറി നെയ്ത്ത് സഹകരണ സംഘമാണ് പ്രതിസന്ധിയിലായത്.150 ഓളം തൊഴിലാളികൾ ഉണ്ടായിരുന്ന ഇവിടെ ഇപ്പോൾ ജോലി ചെയ്യുന്നത് നാല്  വനിതകൾ മാത്രമാണ് . സ്കൂളുകളിലേക്കുള്ള സൗജന്യ കൈത്തറി യൂണിഫോം തുണി തയ്യാറാക്കി നൽകിയതിന്‍റെ   കൂലി 9 മാസമായി ഇവർക്ക് ലഭിച്ചിട്ടില്ല.

ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കം ചെന്നതാണ് 1956 ൽ സ്ഥാപിച്ച പാണാവള്ളി കൈത്തറി സഹകരണ സംഘം. ഇവിടെ ഇപ്പോൾ ജോലി ചെയ്യുന്നത് നാല് സ്ത്രീകൾ മാത്രമാണ്.

അധ്വാനിച്ചതിന്‍റെ കൂലിയാണ് 9 മാസമായി ഇവർക്ക്  ലഭിക്കാനുള്ളത് അല്ലാതെ കോടിക്കണക്കിന് രൂപ ഒന്നുമില്ല. കൂലി കുടിശിക ഇനത്തിൽ ഇവർക്ക് നൽകാനുള്ള രണ്ടര ലക്ഷം രൂപ സർക്കാരിന് നിസാര തുകയാണ്. എന്നാൽ ഇവിടത്തെ തൊഴിലാളികളായ നിർധന സ്ത്രീകൾക്ക് ഇത് ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള വഴിയാണ്.

സ്‌കൂളുകളിൽ കുട്ടികൾക്ക്  സൗജന്യ കൈത്തറി വസ്ത്രം നൽകുന്നതിന്‍റെ ഭാഗമായി ഇവർക്ക് ലഭിക്കേണ്ട നെയ്ത്ത് കൂലിയാണ് കുടിശികയായത്.

നാലായിരത്തിലധികം മീറ്റർ തുണിയാണ് ഇവർ നെയ്ത് നൽകിയത് .ഹാൻടെക്സ് ആണ് തുണി ഏറ്റെടുക്കുന്നത്. ഒരു മീറ്റർ തുണി നെയ്തു നൽകുന്നതിന് 100 രൂപയാണ് കൂലി. ഇപ്പോൾ അതിൽ നിന്ന് 15 രൂപ കുറച്ചു.

ഓണം വന്നാൽ ബോണസും മറ്റ് ഇൻസന്‍റിവും ഒന്നുമില്ല. ക്ഷേമനിധിയിൽ പണം അടയ്ക്കണമെങ്കിൽ പുറത്ത് പോയി മറ്റ് ജോലി ചെയ്യണം.ചെയ്യുന്ന ജോലിക്ക് അനുസരിച്ചാണ് ഇവർക്ക് കൂലി ലഭിക്കുന്നത്. ഈ സാധു സ്ത്രീകൾക്ക് കുടിശികയായ കൂലി ലഭിക്കാൻ വ്യവസായ , വിദ്യാഭ്യാസ വകുപ്പുകളും ഹാൻടെക്‌സും, അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ഇവരുടെ ജീവിതം വഴിമുട്ടും.

 

Alappuzha handloom weavers are facing a severe crisis as the Panavally handloom cooperative society teeters on the brink of closure.: