രക്ഷാപ്രവര്‍ത്തന മര്‍ദനക്കേസ് അട്ടിമറിയിലെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന്‍റെ മുന്നില്‍. എസ്.ഐ.ടി റിപ്പോര്‍ട്ടും എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിന്‍റെ വിശദീകരണവും ചേര്‍ത്ത് അന്തിമ റിപ്പോര്‍ട്ട് ഡി.ജി.പി റവാഡാ ചന്ദ്രശേഖര്‍ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കില്ലെന്നും കാത്തിരിക്കൂവെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും നടപടിയില്‍ കാലതാമസമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശനും പറഞ്ഞു.
എം.ആര്‍.അജിത് കുമാറിനെതിരായ നടപടി എന്തായെന്ന് ചോദിച്ചാല്‍, സര്‍ക്കാരിന് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നായിരുന്നു ഒരുമാസത്തോളമായി മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും മറുപടി. ഇന്ന് വൈകിട്ടോടെ ആ മറുപടിക്ക് അവസാനമായി. റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിയുടെ മേശപ്പുറത്തെത്തി.
രക്ഷാപ്രവര്‍ത്തന മര്‍ദനക്കേസിന്‍റെ അന്വേഷണ ഫയല്‍ തിരുത്താന്‍ അജിത് കുമാര്‍ ഇടപെട്ടെന്ന് വ്യക്തമാക്കുന്ന എസ്.ഐ.ടി റിപ്പോര്‍ട്ടും, ആരോപണം നിഷേധിച്ചുകൊണ്ടുള്ള അജിത് കുമാറിന്‍റെ വിശദീകരണവും സഹിതമാണ് ഡി.ജി.പി റിപ്പോര്‍ട്ട് കൈമാറിയത്. നിരപരാധിത്വം തെളിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന അജിത് കുമാറിന്‍റെ ആവശ്യം നിലനില്‍ക്കെയാണ് ഡി.ജി.പി ഇന്ന് തന്നെ റിപ്പോര്‍ട്ട് കൈമാറിയത്. അതിനാല്‍ അജിത്തിനെതിരെ നടപടി ശുപാര്‍ശ ഡി.ജി.പി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായി സൂചനയുണ്ട്. ഇതോടെ റിപ്പോര്‍ട്ട് പരിശോധിച്ച് നടപടിയെടുക്കേണ്ടത് ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും ചേര്‍ന്നാണ്.
ഡി.ജി.പി നടപടി ശുപാര്‍ശ ചെയ്താല്‍ സസ്പെന്ഡ് ചെയ്തേക്കും.അതേസമയം അജിത്കുമാറിന്‍റെ പങ്കില്‍ വ്യക്തതക്കുറവുണ്ടെന്ന സൂചന ഡി.ജി.പി നല്‍കിയാല്‍ വീണ്ടുമൊരു ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചേക്കും. അതുവരെ ഡി.ജി.പി റാങ്കിലേക്കുള്ള സ്ഥാനക്കയറ്റവും തടയും. അതേസമയം നടപടി വൈകിയെന്ന ആക്ഷേപങ്ങളെ മുഖ്യമന്ത്രി വീണ്ടും തള്ളി.