ആലപ്പുഴ വലിയ ചുടുകാട്ടിൽ വി.എസ് അച്യുതാനന്ദന് സ്മാരകം ഉയരുന്നു. ഒന്നാം ചരമ വാർഷി ദിനത്തിൽ സിപിഎം പിബി അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ സ്മാരകം ഉദ്ഘാടനം ചെയ്യും. ടി.വി തോമസിന്‍റെ പേരിൽ വി.എസ് സ്മാരകത്തിനടുത്ത് സിപിഐ സ്മാരകം നിർമിക്കാൻ ഒരുങ്ങിയത് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. പ്രശ്നം പരിഹരിച്ചതിൽ സന്തോഷം ഉണ്ടെന്ന് വി.എസിന്‍റെ മകൻ മനോരമ ന്യൂസിനോട് പറഞ്ഞു.
ഈ മാസം 21നാണ് വി.എസ് വിട പറഞ്ഞിട്ട് ഒരാണ്ട് തികയുന്നത്. സിപിഎം നേതൃത്വത്തിൽ വലിയ പരിപാടികളോടെയാണ് ഒന്നാം ചരമവാർഷികാചരണം .വി.എസിന്‍റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും പ്രകടനവും പൊതുസമ്മേളനവും സിപിഎം സംഘടിപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അടക്കമുള്ള പ്രമുഖ നേതാക്കൾ ചടങ്ങിനത്തും.
വി.എസിന്‍റെ സ്മാരക നിർമാണം വലിയ ചുടുകാട്ടിൻ വി.എസ് അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് പൂർത്തിയായി വരികയാണ് . സിപിഎം നേതൃത്വത്തിലാണ് സ്‌മാരക നിർമാണം. ആദ്യമായാണ് വലിയ ചുടുകാട്ടിൽ ഒരു വ്യക്തിയുടെ പേരിൽ സ്മാരകം നിർമിക്കുന്നത്. ഇതിന് അടുത്തുതന്നെ സിപിഐ നേതാവ് ടി.വി തോമസിന്‍റെ സ്മാരകവും നിർമിക്കാൻ സിപിഐ തീരുമാനിച്ചിരുന്നു. വി.എസിന്‍റെ സ്മാരകത്തിന്റെ കാഴ്ച മറയ്ക്കുന്ന രീതിയിലാണ് ടി.വിയുടെ സ്മാരകം വരുന്നത് ആശയക്കുഴപ്പം ഉണ്ടാക്കി.
തുടർന്ന് സിപിഎം, സിപിഐ ജില്ലാ സെക്രട്ടറിമാർ സ്ഥലം സന്ദർശിച്ച് ടി.വിയുടെ സ്മാരകം നിർമിക്കുന്നത് തൊട്ടടുത്ത് മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ തീരുമാനിച്ചു. വി.എസിന്‍റെ മകൻ വി.എ അരുൺ കുമാർ വലിയ ചുടുകാട്ടിൽ സ്മാരകം നിർമിക്കുന്ന സ്ഥലം സന്ദർശിച്ചു.
തിരിച്ചടിയുടെ ഘട്ടത്തിൽ വി.എസിന്‍റെ ഓർമകൾ പാർട്ടിക്ക് കൂടുതൽ ഊർജ്ജം പകരുമോ എന്ന ചോദ്യത്തിന് മൗനമായിരുന്നു അരുൺകുമാറിന്റെ മറുപടി. അടുത്തവർഷം മാർച്ചിൽ ടിവി തോമസിന്റെ അറുപതാം ചരമ വാർഷികം ആണ്. അതിന് മുൻപായി ടി.വി തോമസിന്‍റെ സ്മാരകം പൂർത്തിയാകും.