സാങ്കേതിക പിഴവ് മൂലം ആലപ്പുഴ ഇടത്തുറയിൽ ഇരട്ടക്കുട്ടികളുടെ ആധാർ കാർഡ് പുതുക്കാനാകുന്നില്ല. അഞ്ച് വയസിന് മുൻപ് അമ്മയുടെ ബയോമെട്രിക് ഉപയോഗിച്ചാണ് രണ്ട് കുട്ടികൾക്കും ആധാർ കാർഡ് എടുത്തത്. രണ്ട് കുട്ടികൾക്കും ഒരേ രക്ഷിതാവിന്‍റെ ബയോമെട്രിക് ഉപയോഗിച്ച് ഒരേ ദിവസം ആധാർ എടുത്തതാണ് കാരണമെന്നാണ് ഇവർക്ക് ലഭിക്കുന്ന വിശദീകരണം.

ആലപ്പുഴ എടത്വ തലവടി സ്വദേശികളായ ശ്യാം ജ്യോതി ദമ്പതികളുടെ ഇരട്ട കുട്ടികളുടെ ആധാർ പുതുക്കാൻ വർഷങ്ങളായി ശ്രമിക്കുകയാണ്. കുട്ടികൾക്ക് അഞ്ച് വയസ് ആകുന്നതിന് മുൻപ് ഇരട്ടകളായ സാരഥിക്കും സിദ്ധാർഥിനും അമ്മയുടെ ബയോമെട്രിക് ഉപയോഗിച്ചാണ് ആധാർ എടുത്തത്. അഞ്ച് വയസ് കഴിയുമ്പോൾ പുതുക്കാനായി അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. പിന്നീട് അക്ഷയ കേന്ദ്രങ്ങളിലും ആധാർ മേളകളിലും ഇതിനായി ശ്രമം നടത്തി. ഒടുവിലാണ് ഒരേ രക്ഷിതാവിന്‍റെ ബയോമെട്രിക് ഉപയോഗിച്ച് രണ്ട് പേർക്കും ഒരേ ദിവസം ആധാർ എടുത്തതാണ് കാരണമെന്ന് അറിയുന്നത്. 

വിദേശത്തുള്ള കുട്ടികളുടെ അച്ഛൻ നാട്ടിൽ എത്തിയപ്പോൾ ഒരാൾക്ക് അച്ഛന്‍റെ ബയോമെട്രിക് ഉപയോഗിച്ച് ആധാർ എടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇരുവരുടെയും ആധാർ ലിങ്ക് അല്ലെന്ന സന്ദേശമാണ് ലഭിക്കുന്നത്. പല തവണ കയറി ഇറങ്ങിയ ശേഷം സാരഥിയുടെ ആധാർ ലിങ്ക് ലഭ്യമായി. സിദ്ധാർഥിന്‍റെ ആധാർ ലിങ്ക് ഇപ്പോഴും ലഭിക്കുന്നില്ല. 

അധികൃതർ ഇടപെട്ടില്ലെങ്കിൽ ഏഴാം ക്ലാസുകാരൻ ആധാർ ഇല്ലാത്ത അവസ്ഥയിൽ ആകും. വിഷയത്തിൽ ഇടപെടണം എന്ന് ആവശ്യപ്പെട്ടു ആലപ്പുഴ ജില്ലാ കളക്ടറെ കാണാൻ ഒരുങ്ങുകയാണ് അമ്മ.

ENGLISH SUMMARY:

A technical glitch is preventing the update of Aadhaar cards for twins in Alappuzha, Kerala. The issue stems from both children being enrolled using the mother's biometrics before the age of five, leading to a system conflict that needs immediate resolution.