ആലപ്പുഴ മാന്നാർ മൂർത്തിട്ട - മുക്കാത്താരി ബണ്ട് റോഡ് നിർമ്മാണം പകുതി വഴിയിൽ ഉപേക്ഷിച്ച് കരാറുകാരായ ഊരാളുങ്കൽ മുങ്ങി. നിർമാണത്തിന് ഉപയോഗിച്ചിരുന്ന മണ്ണുമാന്തി യന്ത്രങ്ങൾ പ്രദേശത്ത് തുരുമ്പെടുത്ത് നശിക്കുകയാണ്. മഴക്കാലം കൂടി ആയതോടെ മാന്നാർ പഞ്ചായത്തിലെ നാല് വാർഡുകളിലെ സ്കൂൾ കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് ദുരിത യാത്രയാണ്.
പാടശേഖരത്താൽ ചുറ്റപ്പെട്ട് കിടിക്കുന്ന നാല് കിലോമീറ്റർ ദൈർഘ്യമുള്ള മാന്നാർ മൂർത്തിട്ട - മുക്കാത്താരി ബണ്ട് റോഡ് വീതി കൂട്ടി ഇരു വശവും സംരക്ഷണ ഭിത്തി കെട്ടി കോൺക്രീറ്റ് ചെയ്യാനാണ് പദ്ധതി. ചെങ്ങന്നൂർ മണ്ഡലത്തിൻറെ ഭാഗമായ റോഡ് നവീകരിക്കാൻ മന്ത്രിയായിരുന്ന സജി ചെറിയാൻ ഇടപെട്ട് റീ ബിൾഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 19 കോടി രൂപയും അനുവദിച്ചു. നിർമ്മാണ കരാർ ഏറ്റെടുത്ത ആദ്യ രണ്ട് കമ്പനികളും പണി ഉപേക്ഷിച്ചു പോയി. മൂന്നാമതായി ആണ് ഊരാളുങ്കൽ കരാർ ഏറ്റെടുക്കുന്നത്. ഒരു കിലോമീറ്ററോളം ദൈർഘ്യത്തിൽ കരിങ്കൽ പണികളുംമണ്ണുമാന്തി ഉപയോഗിച്ചുള്ള കുഴിയെടുക്കലും ചെയ്ത ശേഷം ഊരാളുങ്കൽ മുങ്ങിയിട്ട് മാസങ്ങളായി. നിർമ്മാണത്തിനായി ഉപയോഗിച്ചിരുന്ന മണ്ണുമാന്തി യന്ത്രങ്ങൾ പാതയോരത്ത് തുരുമ്പെടുത്ത് നശിക്കുകയാണ്.
നിർമ്മാണത്തിന്‍റെ ഭാഗമായി റോഡ് ഇളക്കി ഇട്ടിരിക്കുന്നതിനാൽ മാന്നാർ പഞ്ചായത്തിലെ നാല് വാർഡുകളിലെ ജനങ്ങൾക്ക് യാത്രയും ദുസഹമാണ്. മലക്കാലത്ത് ഇതുവഴി സ്കൂൾ കുട്ടികൾ പേടിയോടെയാണ് സഞ്ചരിക്കുന്നത്. വെള്ളം കയറിയാൽ വലിയ അപകടങ്ങൾ ഉണ്ടാകുമെന്നും നാട്ടുകാർ ഭയപ്പെടുന്നു.
പ്രതികൂല കാലവസ്ഥയിൽ ക്വാറികൾ നിലച്ചതോടെ കരിങ്കൽ ലഭിക്കാത്തതും തൊഴിലാളികളുടെ ക്ഷാമവുമൊക്കെയാണ് പണി തടസപ്പെടാൻ കാരണമെന്നാണ് നിർമ്മാണ കമ്പനിയായ ഊരാളുങ്കലിൻറെ വിശദീകരണം. നിർമ്മാണം നടക്കുന്ന സ്ഥലത്ത് വെള്ളം കയറിയതിനാൽ മഴക്കാലത്തിന് ശേഷം പണി പുനരാരംഭിക്കുന്നത് വരെ നാട്ടുകാർക്ക് ഈ ദുരിത യാത്ര തുടരേണ്ടി വരും.