farmers-crisis

കൃഷി വകുപ്പ് സൗജന്യമായി നൽകിയ മോട്ടോർ പമ്പുകൾ പ്രവർത്തിക്കാത്തതിനാൽ കുട്ടനാടൻ പാടശേഖരങ്ങളിൽ പ്രതിസന്ധി. നെടുമുടി പൊങ്ങ പാടശേഖരത്തിലെ 250 ഓളം കർഷകരാണ് ബുദ്ധിമുട്ടിലായത്. കടം വാങ്ങിയും  കൃഷി ചെയ്യുന്ന കർഷകർ വാടകയ്ക്ക് പമ്പ് എടുത്താണ് കൃഷിക്കായി പാടശേഖരം ഒരുക്കുന്നത്. 

എല്ലാവർഷവും ആവർത്തിക്കുന്ന പ്രതിസന്ധി ഇത്തവണയും കുട്ടനാട്ടിലെ  കർഷകരെ വിട്ടൊഴിയുന്നില്ല.  കൃഷി വകുപ്പ് സൗജന്യമായി നൽകിയ പമ്പ് പ്രവർത്തിക്കാതായിട്ട് മാസങ്ങളായി. നെടുമുടി പൊങ്ങ പാടശേഖരത്തിലെ 250 ഓളം കര്‍ഷകര്‍ എന്തു ചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ്. 360 ഏക്കർ വരുന്ന ഈ പാടശേഖരത്തിൽ രണ്ടാം കൃഷിക്കുള്ള ഒരുക്കങ്ങൾ നിലച്ചു.

വെള്ളം വറ്റിക്കുന്ന പമ്പ് കേടായതിനാൽ പുഞ്ച കൃഷി ചെയ്തില്ല. കൃഷി ഓഫീസിലും പമ്പ് നൽകിയ കമ്പനിയെയും അറിയിച്ചിട്ട് ഒരു നടപടിയുമില്ല. ഡെക്കാൻ കാർബൽ എന്ന കമ്പനിയാണ് പമ്പ് സ്ഥാപിച്ചത്. കമ്പനിയെ ഇപ്പോൾ കരിമ്പട്ടികയിൽ പെടുത്തിയിരിക്കുകയാണ്. പെട്ടിയും പറയും വയ്ക്കാൻ സഹായം നൽകണമെന്നാണ് കർഷകരുടെ ആവശ്യം.

മാസം പതിനായിരം രൂപ വാടക നൽകി പമ്പ് എടുത്താണ് താൽക്കാലികമായി ജോലി ചെയുന്നത്. കാലവർഷത്തിന് മുൻപ് വെള്ളം വറ്റിച്ച് കള പറിച്ച് കൃഷിക്ക് നിലമൊരുക്കണം. മഴയായാൽ പ്രശ്‌നം രൂക്ഷമാകും. കടം വാങ്ങിയും സ്വർണം പണയം വച്ചും കൃഷിയിറക്കുന്ന കർഷകരെ സഹായിക്കാൻ ആരുമില്ലാത്ത അവസ്ഥയാണിപ്പോൾ.  പരിശോധന നടത്താതെ കൃഷി വകുപ്പ് നിലവാരം കുറഞ്ഞ പമ്പുകൾ സ്ഥാപിച്ചതാണ് കർഷകർക്ക് വിനയായത്.

ENGLISH SUMMARY:

Kuttanad paddy crisis is deepening as free motor pumps provided by the agricultural department are not working, leaving farmers in distress. This recurring issue, especially in the Nedumudi Pong paddy field, has halted preparations for the second crop