ആലപ്പുഴ അരൂർ - തുറവൂർ ഉയരപ്പാതനിർമാണം പൂർത്തിയാകുമ്പോൾ താഴെയുള്ള സർവീസ് റോഡ് മറികടക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്ന് നാട്ടുകാർക്ക് ആശങ്ക. ചന്തിരൂരിൽ ഏറ്റവും പ്രധാനപ്പെട്ട ജങ്ഷനിൽ റോഡ് അടച്ചു കെട്ടുന്നത് പ്രതിസന്ധിയാകും. ഉയരപ്പാത പൂർത്തിയാകുമ്പോൾ ചന്തിരൂരിലെ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ദേശീയ പാത അതോറിറ്റിക്ക് നിവേദനം നൽകി.
അരൂർ പഞ്ചായത്തിലുൾപ്പെടുന്ന ചന്തിരൂർ പ്രദേശത്തിന്‍റെ മധ്യഭാഗത്ത് കൂടിയാണ് ദേശീയ പാത കടന്നുപോകുന്നത്. ഇവിടെയാണ് മാർക്കറ്റ്, സ്കൂളുകൾ , ബസ് സ്റ്റോപ്, ഓട്ടോസ്റ്റാന്‍ഡ് വ്യാപാര സ്ഥാപനങ്ങൾ, കയറ്റുമതി കമ്പനികൾ എന്നിവ പ്രവർത്തിക്കുന്നത്. ഇവിടത്തെ മീഡിയൻ ഗ്യാപ് അടയ്ക്കുന്നത് പ്രതിസന്ധിയാകുമെന്ന് നാട്ടുകാർ പറയുന്നു. സ്കൂൾ കുട്ടികൾ ആണ് ഏറെ ബുദ്ധിമുട്ടുന്നത്. സർവീസ് റോഡുകൾ വേർതിരിക്കുന്ന മീഡിയൻ ചാടിക്കടന്ന് വേണം കുട്ടികളും സ്ത്രീകളും പ്രായമായവരും സഞ്ചരിക്കേണ്ടത്
ചന്തിരൂർ പ്രദേശത്തെ ഓട്ടോ സ്റ്റാന്‍റ് എവിടെ പ്രവർത്തിക്കും എന്ന ആശങ്ക ഓട്ടോ ഡ്രൈവർമാർക്കുണ്ട്. മീഡിയന്‍റെ ഉയരം നിയന്ത്രിച്ച് സുരക്ഷിതമായി റോഡ് മറികടക്കാൻ സൗകര്യം ഏർപ്പെടുത്തണമെന്നാണ് ആവശ്യം. ഉയരപാതയിൽ നിന്ന് വാഹനങ്ങൾ സർവീസ് റോഡിലേക്ക് ഇറങ്ങുന്നതിന് നിർമിച്ചിരിക്കുന്ന റാംപിന്‍റെ ഘടന അശാസ്ത്രീയമാണെന്ന പരാതിയും നാട്ടുകാർക്കുണ്ട്. അമിത വേഗത്തിൽ സർവീസ് റോഡിലേക്ക് വാഹനങ്ങൾ ഇറങ്ങി വരുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്നാണ് ആശങ്ക.