ദേശീയപാത 66ൽ തുറവൂര്‍ – അരൂര്‍ ആകാശപ്പാതയില്‍ ഗര്‍ഡര്‍ വീണ് ഒരാള്‍ മരിച്ചതിന്റെ പശ്ചാത്തലത്തില്‍ കരാര്‍ കമ്പനി അശോക ബില്‍ഡ്കോണെ കരിമ്പട്ടികയില്‍പ്പെടുത്തി. NHAIയുടേതാണ് നടപടി. അന്വേഷണം തീരുംവരെ കരാറുകളില്‍ പങ്കെടുക്കാനാവില്ല
ഉയരപ്പാത നിർമാണ ജോലികൾ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാതെയാണു നടത്തിയതെന്നു സുരക്ഷാ ഓഡിറ്റിൽ കണ്ടെത്തിരുന്നു. ഈ ഭാഗത്തെ സുരക്ഷാ വീഴ്ചകൾ പഠിക്കാൻ ദേശീയപാത അതോറിറ്റി നിയോഗിച്ച റൈറ്റ്സ് ലിമിറ്റഡിൽ നിന്നുള്ള വിദഗ്ധസംഘം സ്ഥലം സന്ദർശിക്കുകയും ചെയ്തു.
അരൂരിൽ ഉയരപ്പാത തുടങ്ങുന്ന സ്ഥലത്തും എരമല്ലൂരിൽ ഗർഡർ അപകടം നടന്ന സ്ഥലത്തും സംഘം പരിശോധന നടത്തി. ഗർഡർ ഉറപ്പിക്കാൻ ഉപയോഗിച്ച ഹൈഡ്രോളിക് ജാക്കിയുടെ പ്രവർത്തനരീതി കരാർ കമ്പനി ജീവനക്കാർ വിശദീകരിച്ചു. ഇതു തെന്നിമാറിയതിനെത്തുടർന്നാണു ഗർഡർ താഴെ വീണ് ഒരാളുടെ മരണത്തിനിടയാക്കിയതെന്നാണു നിഗമനം. ഉയരപ്പാത നിർമാണം തുടങ്ങിയ ശേഷം ഇതുവരെ 42 പേരാണു വിവിധ അപകടങ്ങളിൽ മരിച്ചത്. സുരക്ഷ ഉറപ്പാക്കാതെ നിർമാണ ജോലികൾ ചെയ്യുന്നതിനെതിരെ വലിയ പ്രതിഷേധമാണു കരാർ കമ്പനിക്കെതിരെ ഉയർന്നത്.