സംസ്ഥാനബജറ്റിൽ കുട്ടനാടൻ കാർഷിക മേഖലയ്ക്ക് കടുത്ത അവഗണനയെന്ന് ആക്ഷേപം. മുൻവർഷങ്ങളിൽ പ്രഖ്യാപിച്ച പല പദ്ധതികളും നടപ്പാക്കിയിട്ടില്ല എന്ന പരാതി നിലനിൽക്കുമ്പോൾ തന്നെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത്തവണ ബജറ്റിൽ കാര്യമായി തുക വകയിരുത്തിയിതുമില്ല. നെല്ല് സംഭരണം, കുട്ടനാട് പാക്കേജ് എന്നിവയ്ക്ക് അനുവദിച്ചിരിക്കുന്ന തുകയും പരിമിതമാണ്
തിരഞ്ഞെടുപ്പ് കാലത്തെ ബജറ്റിൽ വലിയ പ്രതീഷയായിരുന്നു കുട്ടനാടിന്. പ്രഖ്യാപനങ്ങൾ നിരാശപ്പെടുത്തിയെന്ന് കർഷകർ. പിആർഎസ് വായ്പയ്ക്ക് പകരം സഹകരണ ബാങ്കുകൾ വഴി നെല്ല് സംഭരണത്തിന് അനുവദിച്ചിരിക്കുന്നത് 150 കോടി രൂപ മാത്രമാണ്. ഒന്നും രണ്ടും കുട്ടനാട് പാക്കേജിൽ വകയിരുത്തിയതിൽനിന്ന് വളരെ കുറവാണ് ഇപ്പോൾ പാക്കേജിൽ അനുവദിച്ചിരിക്കുന്നത് . വെള്ളപ്പൊക്ക നിയന്ത്രണത്തിനും കാര്യമായ വിഹിതമില്ല. കുട്ടനാട്ടിലെ പ്രളയ ജലം കടലിലേക്ക് ഒഴുക്കുന്ന തോട്ടപ്പള്ളി സ്പിൽവേക്ക്
5 കോടി മാത്രമാണ് അനുവദിച്ചത്.
ഉൽപാദന ബോണസ്, വിള ഇൻഷുറൻസ്, ഉപ്പുവെള്ളം കയറി കൃഷി നശിച്ചതിന് നഷ്ടപരിഹാരം എന്നിവയ്ക്കൊന്നും കാര്യമായ വിഹിതമില്ല. നെൽ കാർഷിക മേഖലവികസന പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് നടപ്പാക്കുന്നതിന് കുട്ടനാടിനെ പരിഗണിക്കാത്തതിലും കർഷകർക്ക് പ്രതിഷേധമുണ്ട്.