ഹരിപ്പാട് പള്ളിപ്പാട് പഞ്ചായത്തിലെ പറയങ്കേരി - 28 ൽ കടവ് റോഡിലൂടെ ജനങ്ങൾക്ക് ദുരിത യാത്ര. 2018 ലെ പ്രളയത്തിൽ തകർന്ന റോഡിലൂടെ കാൽ നടയാത്ര പോലും അസാധ്യമാണ്. 400 മീറ്ററോളം ഭാഗത്ത് റോഡ് പുനർ നിർമിക്കാൻ മെറ്റൽ നിരത്തിയിട്ടുണ്ടെങ്കിലും ടാറിങ്ങ് അടക്കം തുടർ നടപടിയില്ല.
മെറ്റിൽ നിരത്തിയ റോഡിലൂടെ വാഹനം പോകുന്നത്. മൂന്നു കിലോമീറ്ററിലധികം നീളമുള്ള റോഡാണിത്. പള്ളിപ്പാട് പഞ്ചായത്തിലെ പറയങ്കേരി, കുരീത്തറ, 28 ൽ കടവ് ഭാഗത്തെ 500 ലധികം കുടുംബങ്ങൾക്ക് പ്രധാന റോഡിലേക്ക് എത്താനുള്ള ഏക പാതയാണ് വർഷങ്ങളായി തകർന്നു കിടക്കുന്നത്.
ചെണ്ടങ്കരി, കോയിക്കലേത്ത്, ആയിരത്തുംപടവ്, കഴുന്നക്കാട് പാടശേഖരങ്ങൾക്ക് മധ്യത്താലൂടെയാണ് റോഡ് കടന്നുപോകുന്നത്. കുടുതലും പട്ടികജാതി കുടുംബങ്ങളാണ് ഈ പ്രദേശത്തുള്ളത്. രോഗികളായവരെ കൊണ്ടുപോകാൻ പോലും വാഹനങ്ങൾ ഈ റോഡിലേക്ക് എത്തില്ല. തെക്കേക്കര ഗവ. എൽപി സ്കൂളിലെ കുട്ടികൾ ഈ തകർന്ന റോഡിലൂടെ നടന്നാണ് പോകുന്നത്. സ്കൂൾ വാഹനങ്ങൾ പ്രധാന റോഡിൽ മാത്രമേ എത്തൂ. പുറംബണ്ട് സംരക്ഷണ പദ്ധതിയിലോ പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയിലോ ഉൾപെടുത്തി റോഡ് നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.