ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാളെ രാവിലെ ഒൻപത് മണിക്ക് മേൽശാന്തി രാധാകൃഷ്ണന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കില്‍ നിന്നും പണ്ടാര പൊങ്കാല അടുപ്പിലേക്ക് തീ പകരുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. പൊങ്കാല സമർപ്പിക്കാൻ ഭക്തർ എത്തിത്തുടങ്ങി.
പുലർച്ചെ നാലുമണിക്ക് നടക്കുന്ന നിർമാല്യ ദർശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും കഴിഞ്ഞ് ഒൻപത് മണിയോടെയാണ് വിളിച്ചുചൊല്ലി പ്രാർത്ഥന. ക്ഷേത്രകാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ക്ഷേത്രശ്രീകോവിലെ കെടാവിളക്കിൽ നിന്ന് കൊടിവിളക്കിലേക്ക് ദീപം പകരും. മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി പണ്ടാര പൊങ്കാല അടുപ്പിലേക്ക് അഗ്നി പകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും.
500ലധികം വേദപണ്ഡിതന്‍മാരുടെ മുഖ്യ കാര്‍മികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ചാണ് ഭക്തർ തയ്യാറാക്കിയ പൊങ്കാല നേദിക്കുന്നത്. തുടർന്ന് നടക്കുന്ന സംഗമം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
ആലപ്പുഴ, പത്തനംതിട്ട ജില്ലാ കളക്ടർമാരുടെ നേത്യത്വത്തിൽ പൊലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. കെഎസ്ആർടിസി ക്ഷേത്രത്തിലേക്ക് പ്രത്യേക സർവീസുകൾ ആരംഭിച്ചു. പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.