ഇന്ത്യയ്ക്ക് ഇന്ത്യൻ മണ്ണിൽ തന്നെ കനത്ത പ്രഹരം നൽകി ടെസ്റ്റ് കിരീടവുമായി മടങ്ങിയ ദക്ഷിണാഫ്രിക്കൻ ടീമിന്‍റെ പ്രകടനം അത്ര പെട്ടെന്ന് മറക്കാനാവില്ല. പരമ്പര പൂർത്തിയായി ദിവസങ്ങൾ പിന്നിട്ടിട്ടും ദക്ഷിണാഫ്രിക്കൻ ടീമിന്‍റെ അമരത്തുനിന്ന ടെംബ ബവൂമയാണ് ചെങ്ങന്നൂർ പുലിയൂരിൽ സംസാരവിഷയം. അതിനു ഒറ്റകാരണമേ ഉള്ളൂ. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ പുലിയൂർ ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി നിതിൻ എ.ചെറിയാൻ.
യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ സെക്രട്ടറി കൂടിയായ നിതിൻ എ.ചെറിയാൻ ഇതാദ്യമായിട്ടാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കന്നി പോരാട്ടത്തിൽ വോട്ട് ചോദിച്ച് വീടുകളിലെത്തുമ്പോൾ കുട്ടികൾ ഉൾപ്പെടെ നിതിനോട് തമാശയോടെ ചോദിക്കുന്നത് ഒരേ ചോദ്യം. ടെംബ ബാവുമ ക്രിക്കറ്റ് വിട്ട് രാഷ്ട്രീയത്തിലെത്തിയോ?
ഒറ്റനോട്ടത്തിൽ ബവൂമ തന്നെ. താനിതിനെ പോസിറ്റീവായാണ് കാണുന്നതെന്നു ഇത് തിരഞ്ഞെടുപ്പിന്‍റെ സമയത്തിൽ പ്രതീക്ഷിച്ചതേയില്ലെന്നും നിതിന്‍. ഉയരവും നിറവും കുടുംബ പശ്ചാത്തലവുമൊക്കെ പറഞ്ഞ് പരിഹസിച്ചവരുടെ മുൻപിലൂടെ ട്രോഫിയുമായി നടന്ന ബവൂമയെ പോലെ പുലിയൂരിൽ ജയിച്ചു കയറുമെന്നാണ് നിതിന്‍റെ വിശ്വാസം.