കുമ്മിൾ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അശ്വതിയെപ്പറ്റിയുള്ള കോണ്‍ഗ്രസ് നേതാവ് കുമ്മിള്‍ ഷമീറിന്‍റെ പ്രസംഗം സോഷ്യല്‍ മീഡിയയിലാകെ ചര്‍ച്ചയാകുന്നു. ജനറൽ സീറ്റിൽ പിന്നാക്ക വിഭാഗത്തിൽ നിന്നും ഒരാൾക്ക് വിജയിച്ചു വരാനും, അതേയാളെ ജനറൽ പഞ്ചായത്തില്‍ പ്രസിഡന്റ് ആക്കാനും തയ്യാറായ കോൺഗ്രസിന്‍റെ തീരുമാനം ചരിത്രപരമാണെന്ന് കുമ്മിള്‍ ഷമീര്‍ പ്രസംഗം പങ്കുവെച്ചുകൊണ്ട് ഫെയ്സ്ബുക്കില്‍ കുറിച്ചു.
'ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം ആണ് ഇന്ന്. കോൺഗ്രസ് പ്രസ്ഥാനം വിജയിച്ചു കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും പതിനഞ്ച് വർഷത്തെ കാത്തിരിപ്പും ഇന്നത്തെ ദിവസത്തിന് വേണ്ടിയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ആയി കോൺഗ്രസ്കാർ കയറി വരുമ്പോൾ ലഭിച്ച സന്തോഷം സമാനതകൾ ഇല്ലാത്തത് ആണ്.
ഡോ. ബി ആർ അംബേദ്കറും ഭരണഘടന ശില്പികളും എന്താണോ ഇന്ത്യൻ ഭരണഘടനയിലൂടെ വിഭാവനം ചെയ്തത്, അത് ഇന്ന് രാജ്യത്ത് സ്വാഭാവികമായും സംഭവിക്കുന്നതിലൂടെ രാജ്യത്തിന്റെയും ഭരണഘടനയുടെയും കോൺഗ്രസിന്‍റെയും യശ്ശസ്സ് ഉയരുകയാണ്.
മത്സരിക്കാനും പ്രസിഡന്റായി അശ്വതിയുടെ പേര് നിർദേശിക്കാനും ആ സുപ്രധാന തീരുമാനത്തിന്റെ ഭാഗം ആയതിലും അഭിമാനമുണ്ട്.
ഒരോ മനുഷ്യനും അവരുടേതായ സ്പേസ് നൽകുന്നതാണ് ജനാധിപത്യം. റിസർവേഷൻ എന്നത് കൊണ്ട് ഭരണഘടന ശെരിക്കും ഉദ്ദേശിച്ചത്, പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തിന് തങ്ങളുടെ അധികാര സ്ഥാനങ്ങൾ ചൂണ്ടി കാണിച്ചു കൊടുക്കൽ ആണ്. 70 വർഷങ്ങൾക്ക് മുൻപ് ഭരണഘടനാ ശില്പികൾ ലക്ഷ്യമാക്കിയതും അത് തന്നെയാണ്. സിപിഎമ്മിന് ജയിക്കാൻ മാത്രം ഉണ്ടാക്കിയ വാർഡിൽ വാർഡ് പ്രസിഡന്റ് ആയി പ്രവർത്തനം ആരംഭിച്ച അശ്വതിയിലൂടെ ആ വാർഡും പഞ്ചായത്ത് ഭരണവും കോൺഗ്രസിന്‍റെ കൈകളിലേക്ക് എത്തുമ്പോൾ പ്രിയപ്പെട്ട സഹോദരി അശ്വതി ഉത്തമൻ അഞ്ച് കൊല്ലവും കുമ്മിൾ പഞ്ചായത്ത് പ്രസിഡന്റ് ആയി നാടിനെ നയിക്കും.
അശ്വതി പഞ്ചായത്ത് പ്രസിഡന്റ് ആകാതിരിക്കാൻ അവസാന നിമിഷവും ജനാധിപത്യം അട്ടിമറിക്കാനും സിപിഎം നടത്തിയ ശ്രമം ഖേദകരം ആണ്'. പോസ്റ്റില്‍ വ്യക്തമാക്കുന്നു. അശ്വതിയെ പഞ്ചായത്ത് പ്രസിഡന്റ് ആക്കിയതിലൂടെ കോൺഗ്രസ് സിപിഎമ്മിന് നൽകുന്ന രാഷ്ട്രീയ സന്ദേശം എന്താണ് എന്ന് മനസ്സിലാക്കിയാൽ നല്ലതെന്ന മുന്നറിയിപ്പോടെയാണ് കുമ്മിള്‍ ഷമീര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.