കൊയ്തിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും നെല്ല് സംഭരണം നടക്കാത്തതിനാൽ പ്രതിസന്ധിയിലായി ആലപ്പുഴ തകഴിയിലെയും പുറക്കാട്ടെയും കർഷകർ. തിരഞ്ഞെടുപ്പ് തിരക്കിനിടയിൽ സംഭരണത്തിന്‍റെ കാര്യം മറന്നു. കൊയ്തെടുത്ത രണ്ടു കോടിയിലധികം രൂപയുടെ നെല്ല് മില്ലുടമകളുടെ അനാസ്ഥയെത്തുടർന്ന് റോഡരികിൽ കിടന്ന് നശിക്കുകയാണ്.
180 ഏക്കറുള്ള തകഴി കുന്നുമ്മ പടിഞ്ഞാറ് പാടശേഖരത്തിൽ 65 ഓളം കർഷകരാണുള്ളത്. രണ്ടാഴ്ച മുൻപാണ് കൊയ്ത്ത് പൂർത്തിയാക്കിയത്. അന്നു തൊട്ട് ഏകദേശം 3600 ക്വിന്‍റല്‍ നെല്ല് കുന്നുമ്മ ജംഗ്ഷന് സമീപം റോഡിനിരുവശവും സമീപത്തെ സ്കൂൾ, പള്ളി മുറ്റം എന്നിവിടങ്ങളിലായും കൂട്ടിയിട്ടിരിക്കുകയാണ്.
ഒരേക്കറിന് ഏകദേശം 30,000 രൂപ ചെലവഴിച്ചാണ് കൃഷി പൂർത്തിയാക്കിയത്. മില്ലുടമകളുടെ ഏജന്‍റ് വന്ന് 7 കിലോ കിഴിവാണ് ആവശ്യപ്പെട്ടത്. ഇത് നൽകാൻ തയ്യാറല്ലെന്ന നിലപാടിലാണ് കർഷകർ.
നെല്ല് സംഭരണത്തിന് മുൻ കൈയെടുത്ത് സഹായിക്കേണ്ട ഉദ്യോഗസ്ഥരാരും ഇവിടേക്ക് എത്തിയിട്ടില്ലെന്നും കർഷകർ പറയുന്നു. പുറക്കാട് പഞ്ചായത്തിലെ 300 ഏക്കറോളം വരുന്ന ഗ്രീസിങ്ങ് ബ്ലോക്ക്പാടത്തെ കൊയ്ത്ത് പൂർത്തിയായിട്ട് 20 ദിവസമായി. രണ്ട് മില്ലുകൾ എത്തിയിട്ട് 15 കിലോ നെല്ലാണ് കിഴിവായി ആവശ്യപ്പെട്ടത്. അടിയന്തിരമായി സംഭരിച്ചില്ലെങ്കിൽ നെല്ലുമായി അമ്പലപ്പുഴ -തിരുവല്ല റോഡ് ഉപരോധിക്കാനാണ് കർഷകരുടെ തീരുമാനം.