കോട്ടയത്ത് നെല്ലു സംഭരണം പ്രതിസന്ധിയിലാക്കി മില്ലുടമകൾ. നെല്ലു സംഭരണത്തിന് കൂടുതൽ കിഴിവ് മില്ലുടമകൾ ആവശ്യപ്പെട്ടതാണ് കർഷകരെ വെട്ടിലാക്കിയത്. നെല്ലിന്‍റെ ഗുണനിലവാര പരിശോധന ഫലം ലഭിച്ചിട്ടില്ലെന്നാണ് പാഡി ഓഫീസർ പറയുന്നത്.
കടുത്തുരുത്തി തലയോലപ്പറമ്പ് മേഖലകളിലായി നാനൂറു ടണ്ണിലധികം നെല്ലാണ് പാടത്ത് കിടക്കുന്നത്. വേനൽമഴ ശക്തമായതോടെ നെല്ല് സൂക്ഷിക്കാൻ ഇടമില്ലാതെ കർഷകർ വലയുന്നു. മധുരവേലി പടിഞ്ഞാറേപ്പുറം പാടശേഖരത്തിലെ നെല്ല് എടുക്കാൻ മില്ലുടമകൾ തയ്യാറാകുന്നില്ല. നൂറു കിലോ നെല്ല് സംഭരിക്കുമ്പോൾ 25 കിലോ നെല്ല് കിഴിവ് വേണമെന്നാണ് മില്ലുടമകളുടെ ആവശ്യം. ഇവിടെ മാത്രം 240 ഏക്കർ പാടത്തെ 65 കർഷകർ പ്രതിസന്ധിയിലായി.
നെല്ല് പേറ്റി പതിര് മാറ്റി നൽകണമെന്ന മില്ലുകാരുടെ ആവശ്യവും കർഷകരെ ബുദ്ധിമുട്ടിലാക്കുന്നു. തലയോലപ്പറമ്പ് നടുക്കരി പാടത്ത് 126 ഏക്കറിലെ 75 ടൺ നെല്ലും പാടത്ത് കിടക്കുകയാണ്. ഇവിടെ മഴപെയ്ത് വെള്ളം നിറഞ്ഞ ഏഴ് ഏക്കർ പാടം കൊയ്യാൻ പറ്റാത്ത സ്ഥിതിയിലാണ്. നെല്ലിന്‍റെ ഗുണനിലവാര പരിശോധന ഫലം ലഭിച്ചിട്ടില്ലെന്നും സംഭരണം വേഗം പൂർത്തിയാക്കുമെന്നാണ് പാഡി ഓഫീസറുടെ വിശദീകരണം.