• കോട്ടയം നഗരത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ അതിരൂക്ഷമായ വെള്ളക്കെട്ടാണ്. കുമരകം, ആർപ്പൂക്കര, തിരുവാർപ്പ്, അയ്മനം പഞ്ചായത്തുകളിലെ എഴുപതു ശതമാനത്തിലധികം വീടുകളും വെള്ളത്തിലാണ്.

കോട്ടയത്ത് മീനച്ചിലാർ കരകവിഞ്ഞൊഴുകാൻ തുടങ്ങിയിട്ട് നാലാം ദിവസം. ആയിരത്തിലധികം വീടുകളാണ് വെള്ളത്തിലായത്. കിഴക്കൻ മേഖലയിൽ മഴ കുറഞ്ഞെങ്കിലും കോട്ടയം നഗരത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ അതിരൂക്ഷമായ വെള്ളക്കെട്ടാണ്. കുമരകം, ആർപ്പൂക്കര, തിരുവാർപ്പ്, അയ്മനം പഞ്ചായത്തുകളിലെ എഴുപതു ശതമാനത്തിലധികം വീടുകളും വെള്ളത്തിലാണ്. ജില്ലയിൽ 141 ദുരിതാശ്വാസ ക്യാംപുകളിലായി 2,383 കുടുംബങ്ങളിലെ 6,416 പേരാണ് കഴിയുന്നത്.

ബന്ധുവീടുകളിലേക്ക് മാറിയവരും നിരവധിയാണ്. വെള്ളപ്പൊക്കം പതിനായിരത്തിലധികം പേരെ സാരമായി ബാധിച്ചെന്നാണ് വിവരം. ഇടറോഡുകളിൽ ഉൾപ്പെടെ ഗതാഗത തടസ്സം തുടരുകയാണ്. വെള്ളം കയറിയതിനാൽ കോട്ടയത്തു നിന്ന് കുമരകം വഴി ചേർത്തല ഭാഗത്തേക്കുള്ള യാത്ര സാധ്യമല്ല. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധിയാണ്. 

അതേസമയം, മധ്യകേരളത്തിലെ മിന്നല്‍ പ്രളയത്തിന്‍റെ പ്രധാനകാരണം വേമ്പനാട് കായലിന്‍റെ സര്‍വനാശം. കേരളത്തിലെ ഏറ്റവും വലിയ  കായലിന്‍റെ ജലസംഭരണ ശേഷി വെറും 15 ശതമാനം മാത്രം. 49 ശതമാനം കായല്‍ നികത്തപ്പെട്ടതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ഒരു രാത്രി നിന്നുപെയ്ത മഴയെ തുടര്‍ന്നാണ് പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ പലപ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങിയത്. പുഴയും തോടും കനാലും കരകവിഞ്ഞതോടെ ഇരമ്പിയെത്തിയ വെള്ളത്തിന് മുന്നില്‍നാടാകെ പകച്ചു നിന്നു. അതി തീവ്രമഴക്കൊപ്പം പ്രളയത്തിന് വഴിവെക്കുന്നത് മധ്യകേരളത്തിന്‍റെ  ജീവനാടിയായ വേമ്പനാടു കായലിന്‍റെ സര്‍വനാശമാണ്. മണ്ണും എക്കലും പ്ലാസ്റ്റിക്കും നിറഞ്ഞ് കായലിന്‍റെ ആഴം കുറഞ്ഞു.  Also Read: ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; 10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.

വന്‍തോതിലുള്ള നികത്തല്‍ കൂടിയായപ്പോള്‍ വിസ്തൃതിയും ഗണ്യമായി ചുരുങ്ങി. ഇതോടെ പമ്പ, അച്ചന്‍കോവില്‍, മണിമല, പെരിയാര്‍ എന്നിവയിലൂടെ ഒഴുകിയെത്തുന്ന വെള്ളം ജനവാസ മേഖലയിലേക്ക് പരന്നൊഴുകാന്‍ തുടങ്ങി.  കായലിന്‍റെ ആഴം കൂട്ടാനുള്ള അടിയന്തര നടപടികള്‍ വേണമെന്ന ആവശ്യമാണ് ഉയരുന്നത്. KUFOS. CWRDM തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളു‌ടെ കൈവശമുള്ള വിവരങ്ങള്‍ ഉപയോഗിച്ച് സമയബന്ധിതമായി വേമ്പനാടുകായലിന്‍റെ പുനരുജ്ജീവന പദ്ധതി  നടപ്പാക്കിയില്ലെങ്കില്‍ മധ്യ കേരളത്തിലെ നാലുജില്ലകള്‍ നിരന്തരം വെള്ളപ്പൊക്ക ഭീഷണിയില്‍ വലയും. 

ENGLISH SUMMARY:

The Meenachil River in Kottayam has been overflowing for the fourth consecutive day, inundating more than 1,000 houses. Although rainfall has eased in the eastern parts of the district, severe waterlogging continues in areas surrounding Kottayam town. More than 70% of the houses in the panchayats of Kumarakom, Arpookara, Thiruvarpu, and Aymanam remain submerged. Across the district, 6,416 people from 2,383 families are staying in 141 relief camps.