ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞവരുണ്ട് നമ്മുടെ ചുറ്റും. അവരുടെ ഉറ്റവരെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? വർഷങ്ങൾക്കിപ്പുറവും വേദനയുടെ ഭാരം പേറി ജീവിക്കുന്നവർ. അവർക്കും ചിലത് പറയാനുണ്ട്.
മാവേലിക്കര മോട്ടോർ വാഹന വകുപ്പ് വേൾഡ് റിമംബറൻസ് ഡേയിൽ നടത്തിയ പരിപാടിയിലാണ് കരളലിയിപ്പിക്കുന്ന വേദനകൾ പങ്കുവെക്കപ്പെട്ടത്. മാവേലിക്കരയിൽ അപകടത്തിൽ മരിച്ച റോബിന്റെ പിതാവ് കെ.പി വർഗീസിൻ്റെ വാക്കുകൾ കൂടിനിന്നവരെ ഈറനണിയിച്ചു. അശ്രദ്ധമായി ഓടിച്ച ബൈക്ക് സ്കൂട്ടറിലിടിച്ച് സ്കൂട്ടറോടിച്ച ടിൻസി മരിച്ചപ്പോൾ പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളാണ് അനാഥമായത്.
ഇനിയൊരു അപകടവും ഉണ്ടാകരുതെന്ന് പറയുമ്പോൾ മരണപ്പെട്ട രവിയുടെ മരുമകൻ രഞ്ജിത്തിൻ്റെ തൊണ്ടയിടറുകയായിരുന്നു. മാവേലിക്കര ജോയിൻ്റ് ആർടിഒ എം.ജി മനോജിൻ്റെ നേതൃത്വത്തിൽ കറ്റാനം ജോൺ എഫ് കെന്നഡി മെമ്മോറിയൽ സ്കൂളിലായിരുന്നു അനുസ്മരണ പരിപാടി നടന്നത്. വാഹനം അശ്രദ്ധമായി ഓടിക്കില്ലെന്ന് വിദ്യാർഥികൾ പ്രതിജ്ഞയെടുത്തു.