ആലപ്പുഴ ചെട്ടികാട് നിന്ന് കടലിൽ പോയി കാണാതായ മൽസ്യത്തൊഴിലാളിയെ 6 ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. തിരച്ചിൽ കാര്യക്ഷമമായി നടക്കുന്നില്ലെന്ന് കുടുംബവും ബോട്ടിലുണ്ടായിരുന്ന മൽസ്യത്തൊഴിലാളികളും പരാതിപ്പെടുന്നു. 4 ദിവസം തിരച്ചിൽ നടത്തിയശേഷം ബോട്ടിലെ ഇന്ധനം തീർന്നതിനാൽ മടങ്ങേണ്ടി വന്നുവെന്ന് മൽസ്യത്തൊഴിലാളികൾ പറയുന്നു
മുനമ്പത്തു നിന്ന് ഞായറാഴ്ചയാണ് 19 തൊഴിലാളികൾ ബോട്ടിൽ മൽസ്യബന്ധനത്തിന് പോയത്. മീൻ പിടുത്തത്തിനിടെ മാരാരിക്കുളം കറുകപ്പറമ്പിൽ ജോസഫ് ക്ലീറ്റസ് എന്ന സുനിയെ കാണാതായി. പുറം കടലിൽ നിന്ന് തീരത്ത് മടങ്ങിയെത്തി അധികൃതരെ വിവരം അറിയിച്ചിട്ടും തിരച്ചിൽ നടന്നില്ലെന്ന് ബോട്ടിലുണ്ടായിരുന്ന മൽസ്യത്തൊഴിലാളികൾ പറയുന്നു
തിരികെ കടലിൽ പോയി നാലു ദിവസം തിരഞ്ഞിട്ടും സുനിയെ കണ്ടെത്താനായില്ല. ഒടുവിൽ ഇന്ധനം തീരാറായപ്പോൾ കരയിലേക്ക് ബോട്ടുമായി മടങ്ങി. നിർധന കുടുംബാംഗമാണ് സുനി . വീടോ സ്ഥലമോ ഇല്ല. സഹോദരൻ്റെ വീട്ടിലാണ് താമസം. ഭാര്യയും പഠിക്കുന്ന രണ്ട് കുട്ടികളുമുണ്ട്. മൽസ്യത്തൊഴിലാളികൾക്ക് കടലിൽ സുരക്ഷ ഉറപ്പാക്കാൻ നടപടി എടുക്കുന്നില്ലെന്ന് ആലപ്പുഴ രൂപത പിആർഒ ഫാ. സേവ്യർ കുടിയാംശേരി വിമർശിച്ചു. സുനിയ്ക്കായി തിരച്ചിൽ ഊർജിതമാക്കണമെന്നും കുടുംബത്തിന് സഹായം നൽകണമെന്നും മൽസ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നു.