ആലപ്പുഴയിൽ കുട്ടനാട്ടിലെ രാമങ്കരിക്ക് പിന്നാലെ ഹരിപ്പാട് കുമാരപുരം പഞ്ചായത്തിലും സിപിഐ ഒറ്റയ്ക്ക് മൽസരിക്കും. സീറ്റുകൾ സംബന്ധിച്ച് സിപിഎമ്മുമായുള്ള ചർച്ച പരാജയപ്പെട്ടതോടെയാണ് ഒറ്റയ്ക്ക് മൽസരിക്കാനുള്ള സിപിഐ തീരുമാനം. അഞ്ച് വാർഡുകളിലും ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലുമാണ് സിപിഎമ്മും സിപിഐയ്യും തമ്മിൽ മൽസരം.
ഒന്നാം വാർഡിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റും മുൻ പഞ്ചായത്ത് പ്രസിഡൻ്റുമായ എസ് സുരേഷ് കുമാറിനെതിരെ സിപിഐയിലെ ബൈജു രമേശ് ആണ് സ്ഥാനാർത്ഥി. നേരത്തെ ഉണ്ടാക്കിയ സീറ്റ് ധാരണ സിപിഎം ഏകപക്ഷീയമായി ലംഘിച്ചെന്ന് സിപിഐ കുറ്റപ്പെടുത്തി. 16 വാർഡുള്ള കുമാരപുരത്ത് രണ്ട് വാർഡുകളും ഒരു ബ്ലോക്ക് ഡിവിഷനും സിപിഐക്ക് നൽകാമെന്നായിരുന്നു ധാരണ. അത് പാലിക്കാത്തതാണ് സിപിഐയെ പ്രകോപിപ്പിച്ചത്.