ആശയപരമായി ഇരുധ്രുവങ്ങളിൽ നിൽക്കുന്ന എൽഡിഎഫും യുഡിഎഫും പക്ഷേ കഴിഞ്ഞ അഞ്ചുവർഷമായി ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിൽ ഒരുമിച്ചാണ്. ഇരു കൂട്ടരും ഒന്നിച്ച് ഭരിക്കുന്നതിന്റെ കാരണമാവട്ടെ, ഇവിടത്തെ ഒരേയൊരു ബിജെപി മെമ്പറും. എടത്വ തലവടി സ്വദേശിയായ അജിത്ത് പിഷാരത്തിന്റെ ചാഞ്ചാടാത്ത നിലപാടാണ് ഈ അപൂർവ ഭരണത്തിന് പിന്നിൽ.
13 മെമ്പർമാരുള്ള ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിൽ ആറു എൽഡിഎഫ്, ആറു യുഡിഎഫ് എന്നിങ്ങനെയാണ് സീറ്റ് നില. ഒറ്റ ബിജെപി മെമ്പർ. അത് അജിത്ത് പിഷാരത്താണ്. ഭൂരിപക്ഷം ലഭിക്കാത്തതിനാൽ ഇരു കൂട്ടർക്കും ഒറ്റയ്ക്ക് ഭരിക്കാനാകില്ല. അജിത്താകട്ടെ ആർക്കും പിന്തുണ നൽകത്തുമില്ല.
ആശയപരമായി ഇരു കൂട്ടരോടും ചേരില്ല അതിനാൽ ആർക്കും പിന്തുണ നൽകില്ല എന്നതാണ് അജിത്തിന്റെ നിലപാട്. ഇതിനിടയിൽ അവിശ്വാസം കൊണ്ടുവരാനും ശ്രമമുണ്ടായി. ഇതിനായി മുന്നണികൾ മാറിമാറി അജിത്തിൻ്റെ പിന്തുണ തേടി. പക്ഷേ തന്റെ നിലപാടിൽ നിന്ന് മാറാൻ അജിത്ത് തയാറായിരുന്നില്ല. ജനങ്ങളെ സേവിക്കുക മാത്രമാണ് തന്റെ ഉത്തരവാദിത്തമെന്നാണ് അജിത്ത് പറയുന്നത്. കുട്ടനാട്ടിലെ ബിജെപിയുടെ ആദ്യത്തെ ബ്ലോക്ക് മെമ്പർ കൂടിയാണ് അജിത്ത് പിഷാരത്ത്.