മാവേലിക്കരയിൽ തെരുവുനായ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്. കെഎസ്ഇബി ഓഫീസിൽ ജോലിക്കെത്തിയ ഉദ്യോഗസ്ഥർക്കും റോഡിലൂടെ നടന്നു പോവുകയായിരുന്ന വിദ്യാർഥിക്കുമാണ് പരുക്കേറ്റത്. നായയെ ഇതുവരെ പിടികൂടാനായില്ല.
രാവിലെ ഒമ്പതുമണിയോടെ മാവേലിക്കര കെഎസ്ഇബി ഓഫീസിന് സമീപമുള്ള കെഎസ്ഇബി സ്റ്റോറിലാണ് തെരുവുനായ ആദ്യമെത്തിയത്. ഡ്രൈവർ അശോക് രാജിന് നേരെ നായ ചാടിവീണു. കാലിനാണ് കടിച്ചത്. നായയെ കണ്ടോടിയപ്പോൾ മറിഞ്ഞുവീണ സബ് എഞ്ചിനീയർ നന്ദനാ മോഹന് നേരെയും ആക്രമണമുണ്ടായി. വസ്ത്രം കടിച്ചു കീറി. മറ്റു ജീവനക്കാരുടെ സമയോചിതമായി ഇടപെടലിൽ നന്ദന കടിയേൽക്കാത്ത രക്ഷപ്പെട്ടു.
പിന്നീട് മാവേലിക്കര കോടതിയുടെ സമീപത്തേക്ക് ഓടിയ തെരുവുനായ 19കാരനായ വിദ്യാർഥിയെയും കടിച്ചു. കാലിനാണ് കടിയേറ്റത്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്. പരിക്കേറ്റവർക്ക് മാവേലിക്കര താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.