ആലപ്പുഴ ബൈപാസിൻ്റെ 63-ാം തൂണിന് മുകൾ ഭാഗത്ത് വാഹനങ്ങൾ പോകുമ്പോൾ ഉണ്ടാകുന്ന ശബ്ദത്തിൽ ആശങ്കയുമായി പ്രദേശവാസികൾ. ആലപ്പുഴ വെസ്റ്റ് വില്ലേജ് ഓഫീസ് പഴയ കെട്ടിടത്തിന് സമീപം ഗർഡറുകൾ ചേരുന്ന ഭാഗത്താണ് ശബ്ദമുണ്ടാകുന്നത്. ഗർഡറുകൾ ചേരുന്ന ഭാഗത്ത് ഇരുമ്പു പ്ലേറ്റുകൾ സ്ഥാപിച്ചതിന് ഇളക്കം തട്ടിയതാണ് ശബ്ദമുണ്ടാകാൻ കാരണമെന്നാണ് സംശയം.
ഒരു മാസത്തിലധികമായി 63-ാം തൂണിന് മുകൾ ഭാഗത്ത് നിന്ന് ഈ ശബ്ദം കേൾക്കാൻ തുടങ്ങിയിട്ട്. രാത്രികാലങ്ങളിൽ കണ്ടെയ്നറുകൾ അടക്കമുള്ള വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ ശബ്ദം കൂടും. ശബ്ദം ഉണ്ടാകുന്നതിൻ്റെ കാരണം അറിയാത്തതിന്റെ ആശങ്കയിലാണ് പ്രദേശവാസികൾ.
പൊലീസിലും പൊതുമരാമത്ത് വകുപ്പിലും വിവരമറിയിച്ചു. സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ വന്ന് വിവരങ്ങൾ ശേഖരിച്ചു. എന്നാൽ ഇതുവരെയും ദേശീയപാത അതോറിറ്റി എൻജിനീയറിങ്ങ് വിഭാഗം ഉദ്യോഗസ്ഥരാരും പരിശോധനയ്ക്ക് എത്തിയില്ലെന്നും നാട്ടുകാർ പറയുന്നു.