കുഴിയിൽ ചിലയിടത്ത് റോഡുണ്ട്, സൂക്ഷിക്കുക. ഇത്തരത്തിലൊരു ബോർഡ് റോഡരികിൽ സ്ഥാപിക്കേണ്ട ഗതികേടിലാണ് ഒരു നാട്. റോഡ് അറ്റകുറ്റപ്പണി നടത്തിയിട്ട് രണ്ട് പതിറ്റാണ്ട് പിന്നിടുന്നു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീർക്കുന്നം എസ്.എൻ.കവല ജംഗ്‌ഷന് കിഴക്ക് എച്ച്ഐഎൽപി സ്കൂൾ റോഡിനാണ് ഈ ദുരവസ്ഥ.
300 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളും 150 ഓളം കുട്ടികൾ പഠിക്കുന്ന മദ്രസയും റോഡിന് സമീപമുണ്ട്. ഈ കുട്ടികൾക്കും 120 ഓളം കുടുംബങ്ങൾക്കും പുറം ലോകമെത്താനുള്ള എക ആശ്രയമായ റോഡിൽ ഇപ്പോൾ വലിയ ഗർത്തങ്ങൾ മാത്രമാണുള്ളത്.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലത്ത് ആരംഭിച്ച ഓട നിർമാണം 5 വർഷം പിന്നിട്ടിട്ടും യാഥാർത്ഥ്യമായില്ല.മഴ കനത്തതോടെ റോഡേത്, കുഴിയേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയായി.അത്യാസന്ന നിലയിലായ രോഗിയെ ആശുപത്രിയിലെത്തിക്കാൻ ഓട്ടോറിക്ഷാ പോലും ഇവിടേക്ക് വരില്ല
തങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, എം.പി എം.എൽ.എ, പഞ്ചായത്ത് എന്നിവർക്കൊക്കെ പല തവണ പരാതി കൊടുത്തു.36 ലക്ഷം രൂപ റോഡ് പുതുക്കി നിർമിക്കാൻ അനുവദിച്ചുവെന്ന് പ്രഖ്യാപനം വന്നെങ്കിലും ഇതുവരെ റോഡ് മാത്രം യാഥാർത്ഥ്യമായില്ല.