ഓണനാളുകളിൽ പോലും കുടിവെള്ളം ഇല്ലാതെ ഒരു നാട് . ആലപ്പഴ പുറക്കാട് ഇല്ലിച്ചിറയിലെ 70 ഓളം കുടുംബങ്ങളാണ് 2 മാസമായി കുടിവെള്ളം കിട്ടാതെ വലയുന്നത്. ഭൂരിഭാഗവും പട്ടികജാതി, പട്ടിക വർഗ കുടുംബങ്ങളാണ് ഇവിടെയുള്ളത്.
ഓണക്കാലമായിട്ടും ഈ കുടുംബങ്ങൾക്ക് കുടിവെള്ളം കിട്ടാക്കനിയാണ്. പൊതു ടാപ്പ് ഉണ്ടായിരുന്ന കാലത്ത് വെള്ളത്തിന് ക്ഷാമമില്ലായിരുന്നു. വീട് കണക്ഷൻ ഏർപ്പെടുത്തിയതോടെ കുടിവെള്ളം മുട്ടി. പല സ്ഥലത്തും പൈപ്പ് ലൈൻ പൊട്ടിയതാണ് കുടിവെള്ളം ലഭിക്കാത്തതിന് കാരണം. സ്ത്രീകൾ ഉൾപ്പെടെയുളളവർ കിലോ മീറ്ററുകൾ നടന്ന് ടി.എസ്. കനാലിന് പടിഞ്ഞാറ് ഭാഗത്തുള്ള ഒരു വ്യക്തിയുടെ വീട്ടിൽ നിന്നാണ് ഇവിടുത്തേക്ക് വള്ളത്തിൽ വെള്ളമെത്തിക്കുന്നത്.
മാലിന്യം നിറഞ്ഞ ഇല്ലിച്ചിറ തോട്ടിലെ വെള്ളമാണ് നാട്ടുകാർ തുണി, പാത്രം എന്നിവ കഴുകാനും കുളിക്കാനുമുപയോഗിക്കുന്നത്. കുടത്തിലും കലത്തിലുമൊക്കെ ഈ മലിനജലം വീട്ടമ്മമാർ തലയിലേന്തിയാണ് വീടുകളിലെത്തിക്കുന്നത്. മാസങ്ങളായി ഇത്രയും കുടുംബങ്ങൾ വെള്ളം കിട്ടാതെ നരകയാതന അനുഭവിച്ചിട്ടും അധികാരികൾ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.