നെഹ്റു ട്രോഫി വള്ളംകളിക്ക് 10 ദിവസം മാത്രം ബാക്കി നിൽക്കേ പരിശീലനം തീവ്രമാക്കി ബോട്ടു ക്ലബുകളും ചുണ്ടൻ വള്ളങ്ങളും . പ്രമുഖ ബോട്ടുക്ളബുകൾ തങ്ങളുടെ ചുണ്ടൻ വള്ളവുമായി പുന്നമടയിലെ ട്രാക്കിലെത്തി. തുഴച്ചിൽക്കാർക്ക് ആവേശം പകരാൻ വള്ളംകളി പ്രേമികൾ ആർപ്പുവിളികളുമായി കരകളിലും നിറയുകയാണ്
തുഴച്ചിൽക്കാരുടെകൈക്കരുത്തിൽ തുഴ കുത്തിയെറിഞ്ഞ് ചുണ്ടൻ വള്ളം കുതിക്കുമ്പോൾ ആവേശം ആർപ്പുവിളിയായി കരയിലും പടരുകയാണ്. സ്വന്തം തട്ടകത്തിലെ തുഴച്ചിലിനു ശേഷം ആഘോഷമായി പുന്നമടയിലെ ഓളപ്പരപ്പിലേക്ക് പ്രവേശിക്കുകയാണ് ചുണ്ടൻ വള്ളങ്ങൾ .
കുമരകത്തും കൈനകരിയിലും പള്ളാത്തുരുത്തിയിലും അച്ചൻ കോവിലാറ്റിലും എസി കനാലിലും എല്ലാം ചുണ്ടൻവള്ളങ്ങളും വെപ്പും ഇരുട്ടുകുത്തിയുമെല്ലാം കടുത്ത പരിശീലനത്തിലാണ്. നാട്ടിൻപുറങ്ങളിൽ വള്ളങ്ങളുടെ ആരാധകരും വാശിയിലാണ്.
ഇതുവരെ 15 ചുണ്ടൻവള്ളങ്ങളും 39 ചെറുവള്ളങ്ങളുമുൾപ്പടെ 54 വള്ളങ്ങൾ റജിസ്റ്റർ ചെയ്തു. ഒരുക്കങ്ങളും ടിക്കറ്റ് വിൽപനയും പുരോഗമിക്കുന്നുണ്ട്. ജലരാജാക്കൻമാരെ വരവേൽക്കാൻ പുന്നമടക്കായലും കാത്തിരിക്കുകയാണ്.